ഇനി കണ്ടെത്താനുള്ളത് 120ഓളം പേരെ; മുണ്ടക്കൈയിലും ചൂരൽമലയിലും ഇന്ന് വീണ്ടും തിരച്ചിൽ ആരംഭിക്കും

ഇനി കണ്ടെത്താനുള്ളത് 120ഓളം പേരെ; മുണ്ടക്കൈയിലും ചൂരൽമലയിലും ഇന്ന് വീണ്ടും തിരച്ചിൽ ആരംഭിക്കും

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ ഇന്ന് വീണ്ടും തിരച്ചില്‍ നടത്തും. ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറവരെയുള്ള മേഖലയിലാണ് ഇന്ന് പ്രത്യേക തിരച്ചില്‍ നടത്തുക. ടി സിദ്ദിഖ് എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്. സേനകളെയും സന്നദ്ധപ്രവര്‍ത്തകരെയും ചേര്‍ത്തുള്ള പ്രത്യേക സംഘമാകും ദുരന്തമേഖലയില്‍ തിരച്ചില്‍ നടത്തുകയെന്നും ടി സിദ്ദിഖ് പറഞ്ഞു. സംഘത്തില്‍ 14 അംഗങ്ങളാകും ഉണ്ടാകുക. തിരച്ചിലിന് ആവശ്യമുള്ള ആയുധങ്ങള്‍ എത്തിക്കാന്‍ ദുരന്തമേഖലയില്‍ മറ്റൊരു സംഘമുണ്ടാകും. ദുരന്തബാധിതര്‍ ചീഫ് സെക്രട്ടറി കൂടി പങ്കെടുത്ത യോഗത്തില്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇന്ന് ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെയുള്ള മേഖലയിലാണ് പ്രത്യേക തിരച്ചില്‍ നടത്തുന്നത്. നേരത്തെ പ്രദേശങ്ങളില്‍ തിരച്ചില്‍ പൂര്‍ണ്ണമായി തന്നെ അവസാനിച്ചിരുന്നു.
:
അതേസമയം വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതരുടെ താത്കാലിക പുനരധിവാസം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. രണ്ടു ക്യാമ്പുകളിലായി ശേഷിച്ച എട്ടു കുടുംബങ്ങള്‍ കൂടി വാടക വീടുകളിലേക്ക് മാറി. ഇതോടെ ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉള്ള നടപടി തുടങ്ങി. ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരും അപകട ഭീഷണിയില്‍ ആയവരും ഉള്‍പ്പെടെ 728 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നത്. ഇരുപതോളം ക്യാമ്പുകളായിരുന്നു ദുരിത ബാധിതര്‍ക്കായി ഒരുക്കിയത്. വാടക വീടുകള്‍ക്ക് പുറമെ, സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളിലേക്കും, ബന്ധു വീടുകളിലേക്കുമാണ് ക്യാമ്പുകളില്‍ നിന്നും ദുരന്ത ബാധിതര്‍ മാറിയത്.ീ

സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ കണക്കുകള്‍ പ്രകാരം 231 മരണമാണ് ഇത് വരെ സ്ഥിരീകരിച്ചിട്ടുള്ളത്. 178 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹങ്ങള്‍ ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. വിവിധ ഇടങ്ങളില്‍ നിന്നായി ലഭിച്ച 212 ശരീരാവശിഷ്ടങ്ങളുടെ സംസ്‌കാരവും നടത്തി. ഇനിയും 120ഓളം പേരെയാണ് കണ്ടെത്താനുള്ളത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )