കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ നിർമ്മാണം അറിവില്ലായ്മ; കടുത്ത നടപടി സ്വീകരിക്കരുത്; എംവിഡിയോട് സഞ്ജു ടെക്കി
ആലപ്പുഴ: കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിച്ചത് അറിവില്ലായ്മ കൊണ്ടാണെന്ന് സഞ്ജു ടെക്കി. മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസില്‍ നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം ഉള്ളത്. സംഭവത്തില്‍ സഞ്ജുവിന്റെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് എംവിഡി കടക്കാനൊരുങ്ങുകയാണ്. ഇതിനിടെയാണ് കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിച്ചത് അറിയാതെ പറ്റിപ്പോയതാണെന്നുള്ള സഞ്ജുവിന്റെ വിശദീകരണം.
വാഹനത്തില്‍ സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിച്ചത് ഗതാഗത നിയമലംഘനം ആണെന്ന് അറിയില്ലായിരുന്നു. അറിവില്ലായ്മ കൊണ്ട് സംഭവിച്ച് പോയതാണ്. അതിനാല്‍ കടുത്ത നടപടി സ്വീകരിക്കരുത് എന്നും സഞ്ജു ടെക്കി മോട്ടോര്‍വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. സഞ്ജുവിന്റെ വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു.
അതേസമയം സംഭവത്തില്‍ ശിക്ഷയെന്നോണം സഞ്ജുവും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സാമൂഹിക സേവനം തുടരുകയാണ്. ഇനി 11 ദിവസം കൂടി ഇവര്‍ക്ക് ഇവിടെ സേവനം ചെയ്യണം. 15 ദിവസത്തേക്കായിരുന്നു സാമൂഹ്യസേവനം നടത്താന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് സാമൂഹ്യ സേവനം ചെയ്യേണ്ടത്.
കഴിഞ്ഞ മാസം ആയിരുന്നു ആവേശം സിനിമയിലേത് എന്ന പോലെ കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിച്ച് സഞ്ജു ടെക്കിയും സുഹൃത്തുക്കളും ചേര്‍ന്ന് കുളിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ തന്നെ പകര്‍ത്തി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോര്‍വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.