നിർമാതാക്കളുടെ സംഘടനയിൽ ഒരു വലിയ കോക്കസ് പ്രവർത്തിക്കുന്നു; ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ വിമർശനവുമായി സാന്ദ്ര തോമസ്
കൊച്ചി: ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ വിമര്‍ശനവുമായി നിര്‍മാതാവ് സാന്ദ്ര തോമസ് രംഗത്ത് . പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പൊളിച്ച് പണിയണമെന്ന് സാന്ദ്ര തോമസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിര്‍മാതാക്കളായ സാന്ദ്ര തോമസും ഷീലു കുര്യനും സംഘടനക്ക് കത്ത് നല്‍കി. നിലവിലെ കമ്മിറ്റിക്ക് നിക്ഷിപ്ത താല്‍പര്യമുണ്ട്. ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന വലിയ മൗനം പാലിച്ചു. സംഘടനയുടെ യോഗത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് വായിക്കുകയുണ്ടായി.
കത്തിലെ ഉള്ളടക്കത്തെ കുറിച്ച് വിയോജിപ്പ് അറിയിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചുകഴിഞ്ഞെന്നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായ അനില്‍ തോമസ് പറഞ്ഞത്. കത്ത് അയക്കുന്നതിന് മുമ്പ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമായിരുന്നു. കത്തിനെ കുറിച്ച് എക്‌സിക്യൂട്ടീവിലെ ഭൂരിപക്ഷം അംഗങ്ങളും അറിഞ്ഞിരുന്നില്ല. സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്ന സമീപനമാണ് അസോസിയേഷനുള്ളത്. ഇത്തരം പ്രഹസനങ്ങളില്‍ നിന്ന് സംഘടന മാറിനില്‍ക്കണം. വിഷയങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്നും സാന്ദ്ര തോമസ് കത്തില്‍ ചൂണ്ടിക്കാട്ടി.
നിര്‍മാതാക്കളുടെ സംഘടനയില്‍ ഒരു വലിയ കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സാന്ദ്ര തോമസ് ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഒരു പരിപാടിയിലും സ്ത്രീകളെ പങ്കെടുപ്പിക്കാറില്ല. സിനിമ ചെയ്ത് തന്നെയാണ് സിനിമ വ്യവസായത്തിലേക്ക് കടന്നുവന്നത്. തരംതിരിച്ച് കാണുന്നതിനോട് യോജിക്കുന്നില്ലെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.