സാംസ്കാരിക മന്ത്രി കേരളത്തിലെ സ്ത്രീസമൂഹത്തെ നോക്കി പല്ലിളിക്കുന്നു; മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി സാന്ദ്രാ തോമസ്
കൊച്ചി: മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി സാന്ദ്രാ തോമസ്. സാംസ്കാരിക മന്ത്രി കേരളത്തിലെ സ്ത്രീസമൂഹത്തെ നോക്കി പല്ലിളിക്കുന്നു. ആദരണീയയും പ്രഗത്ഭ നടിയെന്ന് തെളിയിക്കുകയും ചെയ്ത ഒരു മഹാ പ്രതിഭ പൊതുസമൂഹത്തിനു മുന്നില്‍ വന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷനെതിരെ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചതിന് ശേഷവും, ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്‌കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവും, കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവും ആണെന്ന് സാന്ദ്ര പറഞ്ഞു.
സാംസ്‌ക്കാരിക മന്ത്രിയുടെ സ്ത്രീ വിരുദ്ധതയാണ് അദ്ധേഹത്തിന്റെ സമീപനത്തിലൂടെ പുറത്ത് വരുന്നത്. ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം ഗവണ്മെന്റ് പുറത്താക്കുകയോ ചെയ്യണം. ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച രഞ്ജിത്തിനെ ‘മഹാപ്രതിഭ’എന്ന് പറഞ്ഞു സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജി വെക്കുക’,എന്നും സാന്ദ്ര വ്യക്തമാക്കി.