കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് ടോവിനോ റിലീസ് മുടക്കി; മരണമാണ് വാതിലെന്ന് സനൽ കുമാർ ശശിധരൻ
ടോവിനോ തോമസ് നിര്‍മാണ പങ്കാളിയായ ‘വഴക്ക്’ എന്ന സിനിമയുടെ തിയേറ്റര്‍ ഒടിടി റിലീസുമായി ബന്ധപ്പെട്ട് നടനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ചിത്രത്തിന്റെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്ത്.
ചിത്രം പുറത്തിറക്കാന്‍ താരം ശ്രമിക്കുന്നില്ലെന്നും സിനിമ തിയേറ്ററുകളിലെത്തിയാല്‍ അത് തന്റെ കരിയറിനെ ബാധിക്കുമെന്നു ടോവിനോ പറഞ്ഞെന്നുമാണ് സനലിന്റെ ആരോപണം. ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചാണ് സനല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പൊതുവെ ‘വഴക്ക്’ എന്ന സിനിമ പുറത്തുവരുന്നത് ടോവിനോയ്ക്ക് അത്ര ഇഷ്ടമില്ല എന്ന് ഇതിനിടെ പല കാരണങ്ങള്‍ കൊണ്ടും തോന്നിയിരുന്നുവെന്നും ആളുകള്‍ വലുതെന്നു കരുതുന്ന മനുഷ്യര്‍ പലരും വാസ്തവത്തില്‍ എത്ര ചെറുതാണെന്ന സത്യം എന്നെ പഠിപ്പിച്ച സംഭവങ്ങളാണിതെന്നും സനല്‍ പറയുന്നു.
‘വഴക്ക് തിയേറ്ററില്‍ വരുത്തുന്നത് നഷ്ടമേ ഉണ്ടാക്കൂ’ എന്നും അത് താന്‍ ‘എഴുതി തരാം’ എന്നും ടോവിനോ പറഞ്ഞതായും സംവിധായകന്‍ പറയുന്നു. പണം മുടക്കാന്‍ തയാറായി വന്നയാള്‍ നഷ്ടം താങ്ങാന്‍ തയാറാണെങ്കില്‍ ടോവിനോ എന്തിന് അതില്‍ വേവലാതിപ്പെടുന്നു എന്ന എന്റെ ചോദ്യത്തിന് എന്നെ ഞെട്ടിക്കുന്ന ഒരു വോയിസ് മെസേജ് ടോവിനോ എനിക്കയച്ചു. ‘എന്റെ കരിയറിനെ മോശമായി ബാധിക്കുന്ന കാര്യമാണ്. എന്നാലും സാരമില്ല. ഞാന്‍ രണ്ടോമൂന്നോ സിനിമകൊണ്ട് അത് മേക്കപ്പ് ചെയ്യും’ എന്നായിരുന്നു ടോവിനോയുടെ മറുപടിയെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ നാലഞ്ചുവര്‍ഷങ്ങള്‍ മരണത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറല്‍ മാത്രമായിരുന്നു തന്റെ ജീവിതമെന്നും ഇപ്പോള്‍ മരണമാണ് ജീവിതത്തിന്റെ വാതില്‍ എന്ന തിരിച്ചറിവാണുള്ളതെന്നും കുറിപ്പില്‍ പറയുന്നു. അത് കച്ചവടത്തിന്റെ തന്ത്രങ്ങളില്‍ നിന്ന് മുക്തവുമാണ് എന്നും എഴുതിയാണ് സനല്‍ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.