മാനവികത വറ്റാത്ത മനസില്‍ നിന്ന് ചെങ്കൊടി മാറ്റാനേ ഇതുപകരിക്കൂ; കൊടി സുനിയുടെ പരോളിനെ വിമര്‍ശിച്ച് സമസ്ത മുഖപത്രം

മാനവികത വറ്റാത്ത മനസില്‍ നിന്ന് ചെങ്കൊടി മാറ്റാനേ ഇതുപകരിക്കൂ; കൊടി സുനിയുടെ പരോളിനെ വിമര്‍ശിച്ച് സമസ്ത മുഖപത്രം

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. കൊടി സുനിക്ക് പരോള്‍ അനുവദിച്ചതില്‍ ഒരു അപരാധവും സിപിഐഎം കാണുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നാണ് വിമര്‍ശനം. പൊലീസ് റിപ്പോര്‍ട്ട് തള്ളിയും ഹൈക്കോടതി ഉത്തരവ് ധിക്കരിച്ചും ആണ് വളഞ്ഞ വഴിയിലൂടെയാണ് സുനിയെ പുറത്ത് എത്തിച്ചതെന്ന് സമസ്ത ലേഖനം പറയുന്നു.

‘കഠാര രാഷ്ട്രീയത്തിന് സര്‍ക്കാര്‍ പിന്തുണയോ’എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. സിപിഐഎം സമ്മേളനം നടക്കുന്ന പശ്ചാത്തലത്തില്‍ കൊടിസുനിക്ക് പരോള്‍ അനുവദിക്കാന്‍ ഇടപെട്ടത് രാഷ്ട്രീയ ജീര്‍ണ്ണതയുടെ കൂടി തെളിവാണെന്ന് സമസ്ത മുഖപത്രം പറയുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ പോലും ഇത് തെറ്റെന്ന് പറയാനോ വിമര്‍ശിക്കാനോ ആരും ഉണ്ടാക്കില്ലെന്ന നേതാക്കളുടെ ധൈര്യം ആശങ്കപ്പെടുത്തുന്നു. മനുഷ്യാവകാശത്തിന്റെ പേരില്‍ ക്രിമിനലുകള്‍ക്ക് നാട്ടിലിറങ്ങി സൈ്വര്യ വിഹാരം നടത്താന്‍ സാഹചര്യം ഉണ്ടാക്കരുത്. ടിപി കൊലപാതകത്തില്‍ നിന്ന് ഏറ്റ രാഷ്ട്രീയ പരുക്കില്‍ നിന്ന് സിപിഐഎം ഒരു പാഠവും സിപിഎം പഠിച്ചിട്ടില്ല എന്ന് വേണം മനസ്സിലാക്കാനെന്നും ലേഖനം വിലയിരുത്തുന്നു.

ടിപി കേസ് പ്രതികള്‍ക്ക് 20 വര്‍ഷം ഇളവ് നല്‍കരുത് എന്ന കോടതി ഉത്തരവ് ബാധകമായി കാണുന്നില്ലെന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. ടിപി കേസില്‍ പങ്കില്ലെന്ന് പറയുന്ന സിപിഐഎം കൊടി സുനിയുടെ ജാമ്യത്തെ ന്യായീകരിക്കുന്നതും പരോളിനെ ആഘോഷമാക്കുന്നതും എന്തിനാണെന്ന ചോദ്യവും ലേഖനത്തിലുണ്ട്. മാനവികത വറ്റാത്ത മനസില്‍ നിന്ന് ചെങ്കൊടി തള്ളിക്കളയാനെ ഇതൊക്കെ ഉപകരിക്കൂവെന്നും സുപ്രഭാതം കുറ്റപ്പെടുത്തി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )