നാടിന്റെ നോവായി ജെൻസൻ; കൈപിടിച്ചവനെ അവസാനമായി കണ്ട് ശ്രുതി
കല്‍പ്പറ്റ: നാടിന്റെ നോവായി ജെന്‍സന്‍ മാറുമ്പോള്‍ ശ്രുതിയ്ക്ക് ഇനി വേണ്ടത് നാടിന്റെ കൈതാങ്ങ്. കാലിന്റെ ശസ്തക്രിയ്ക്ക് ശേഷം, കല്‍പ്പറ്റയിലെ സ്വകാര്യ ആശൂപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രുതി മേപ്പാടി വിങ്സ് ആശുപത്രിയില്‍ എത്തിയാണ്ജെ ന്‍സനെ അവസാനമായി കണ്ടത്. ബന്ധുക്കള്‍ തന്നെയാണ് മരണവിവരം ശ്രുതിയെ അറിയിച്ചത്. ഹൃദയഭേദകമായ കാഴ്ചകളാണ് മേപ്പാടി വിങ്സ് ആശുപത്രിയില്‍ ബുധനാഴ്ച രാത്രി അരങ്ങേറിയത്.
വ്യാഴാഴ്ച രാവിലെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജെന്‍സന്റെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ജന്മനാടായ ആണ്ടൂരില്‍ പൊതുദര്‍ശനം ഉണ്ടാകും. ശവസംസ്‌കാരം വൈകീട്ട് മൂന്ന് മണിയോടെ ആണ്ടൂര്‍ നിത്യസഹായ മാതാ പള്ളി സെമിത്തേരിയില്‍ നടത്തും.
നാടിന്റെ മുഴുവന്‍ പ്രാര്‍ഥനകളും വിഫലമാക്കി ബുധനാഴ്ച രാത്രി 8.52 നാണ് ജയന്‍-മേരി ദമ്പതികളുടെ മകന്‍ ജെന്‍സന്‍(28) യാത്രയായത്. തലയില്‍ രക്തസ്രാവമുണ്ടായതിനാല്‍ രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു. അപകടത്തില്‍ കാലിനു പരുക്കേറ്റ ശ്രുതി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മാതാപിതാക്കളും സഹോദരിയും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയതോടെ ഒറ്റയ്ക്കായിപ്പോയ ശ്രുതിയെ ജെന്‍സന്‍ കൈപിടിച്ച് ഒപ്പം കൂട്ടുകയായിരുന്നു. ചൂരല്‍മലയിലെ ദുരന്തത്തില്‍ നിന്ന് ശ്രുതി കരകയറി വരുന്നതിനിടെയാണ് കല്‍പറ്റയില്‍ ഇരുവരെയും വിധി കാത്തിരുന്ന് ആക്രമിച്ചത്.