ഉദ്ഘാടകനായി അവസരം നൽകിയതിന് എൻഎസ്എസിനോട് നന്ദി. എൻഎസ്എസുമായി ആത്മബന്ധം; രമേശ് ചെന്നിത്തല
എന്‍എസ്എസുമായി ആത്മബന്ധമാണ് ഉള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പെരുന്നയിലെ മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉ?ദ്ഘാടകനായി അവസരം നല്‍കിയതിന് എന്‍എസ്എസിനോട് നന്ദിയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു
‘ഈ മണ്ണുമായി ഏറ്റവും ബന്ധമുള്ള ആളാണു ഞാന്‍. അത് ആര്‍ക്കും പറിച്ചുനീക്കാനാകില്ല. എന്‍എസ്എസ് മുന്നോട്ടു വയ്ക്കുന്ന മതനിരപേക്ഷത പാലിക്കാന്‍ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി അടക്കം ജാഗ്രത പാലിക്കുന്നു. കത്തിച്ചുവച്ച നിലവിളക്കു പോലെ മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊള്ളുകയാണ് എന്‍എസ്എസ്. സമുദായങ്ങള്‍ തമ്മില്‍ തല്ലുകൂടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്‍എസ്എസിനോടു നീരസം ഉണ്ടാകാം. ജീവിതത്തില്‍ അഭിമാനമായി കാണുന്ന മുഹൂര്‍ത്തമാണിത്. തികഞ്ഞ അഭിമാന ബോധത്തോട് കൂടിയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. സമുദായത്തെ കരുത്തനായി നയിക്കുന്ന ആളാണ് സുകുമാരന്‍ നായര്‍’ രമേശ് ചെന്നിത്തല പറഞ്ഞു.
‘കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത മഹാപുരുഷന്മാരില് അഗ്രഗണ്യനാണ് മന്നത്തു പത്മനാഭന്. ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം അഭയം തന്നത് എന്‍എസ്എസ് ആണ്. പ്രീഡിഗ്രി അഡ്മിഷന് മുതല്‍ തുടങ്ങിയതാണ് ഇത്. ആര് വിചാരിച്ചാലും മുറിച്ചുമാറ്റാന്‍ പറ്റാത്തതാണ് ആ ബന്ധം’ രമേശ് ചെന്നിത്തല പറഞ്ഞു.
‘ശബരിമല വിഷയം ഉണ്ടായപ്പോള്‍ മന്നം കാണിച്ചുകൊടുത്ത വഴിയിലൂടെ ഇന്നത്തെ എന്‍എസ്എസ് നേതൃത്വം സഞ്ചരിച്ചു. നാമജപയാത്രയടക്കം നടത്തി വിശ്വാസികളുടെ അവകാശം നേടിയെടുക്കാന്‍ നടത്തിയ ശ്രമം എന്നും ജനങ്ങള്‍ ഓര്‍ക്കുന്നതാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
മന്നത്തിന്റെ കയ്യിലുണ്ടായിരുന്ന വടിയുടെ അദൃശ്യമായ ഒന്ന് സുകുമാരന്‍ നായരുടെ കയ്യിലുണ്ട്. എന്‍എസ്എസിനെതിരെ വരുന്ന ഓരോ അടിയും തടുക്കാനുള്ളതായിരുന്നു മന്നത്തിന്റെ കയ്യിലുണ്ടായിരുന്ന വടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.