‘രാഹുൽ ഗാന്ധി മോശമായി പെരുമാറി, വേറൊരാൾക്കും ഈ അനുഭവം ഉണ്ടാകരുത്’; പരാതി നൽകി ബിജെപി വനിതാ എംപി
ഡൽഹി: ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദ്കറെക്കുറിച്ചുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് പാർമെന്റിൽ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ രാഹുൽ ഗാന്ധി തന്നോട് മോശമായി പെരുമാറിയെന്ന് പരാതി നൽകി വനിതാ എംപി. നാഗാലാൻഡിൽ നിന്നുള്ള ഫാഗ്നോൻ കൊന്യാക് ആണ് ഈ ആരോപണമുന്നയിച്ച് രാജ്യസഭാ ചെയർമാന് പരാതി നൽകിയത്. പാർലമെന്റ് കവാടത്തിൽ ബിജെപിയും കോൺഗ്രസും പ്രതിഷേധം തുടരുന്നതിനിടെ രാഹുൽ ഗാന്ധി തന്നോട് ചേർന്ന് നിന്നെന്നും ഒരു സ്ത്രീ എന്ന നിലയിൽ അത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്നുമാണ് ഫാഗ്നോൻ കൊന്യാകിന്റെ പരാതി.
ഒരു പ്ലക്കാർഡും കൈയ്യിലേന്തി ഞാനവിടെ നിൽക്കുകയായിരുന്നു, മറ്റ് പാർട്ടികളിലെ എംപിമാർക്ക് കടന്നുപോകാൻ സെക്യൂരിറ്റി ജീവനക്കാർ വഴിയൊരുക്കുന്നുണ്ടായിരുന്നു. പെട്ടന്നാണ്, പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ജി മറ്റ് കോൺഗ്രസ് അംഗങ്ങൾക്കൊപ്പം എന്റെയടുത്തേക്ക് വന്ന് നിന്നത്. അവർക്ക് പോകാനായി തയ്യാറാക്കിയ വഴിയിലൂടെ പോവുകയല്ല അദ്ദേഹം ചെയ്തത്. അദ്ദേഹം എന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നു. എന്റെ ശരീരത്തോട് ചേർന്നാണ് നിന്നത്. ഒരു വനിതാ എംപി എന്ന നിലയിൽ അതെനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കി. ഫാഗ്നോൻ കൊന്യാക് രാജ്യസഭാ ചെയർമാന് നൽകിയ കത്തിൽ പറയുന്നു.
അത്യധികം ഹൃദയഭാരത്തോടെയാണ് പരാതി കത്തെഴുതുന്നതെന്നും മറ്റൊരു വനിതാ എംപിക്കും ഈ അവസ്ഥയുണ്ടാകരുതെന്നും അവർ കത്തിലാവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീയെന്ന നിലയ്ക്കും പിന്നാക്ക സമുദായംഗമെന്ന നിലയ്ക്കും തന്റെ സ്വാഭിമാനത്തിനും വ്യക്തിത്വത്തിനും മുറിവേറ്റു എന്നും ഫാഗ്നോൻ കൊന്യാക് പറയുന്നു. എനിക്കെതിർക്കാൻ അറിയാത്തുകൊണ്ടല്ല അപ്പോൾ പ്രതികരിക്കാതിരുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തി വളരെ മോശമായിപ്പോയി. അവർ രാജ്യസഭയിൽ സംസാരിക്കുമ്പോൾ പറഞ്ഞു. പരാതി സ്വീകരിച്ചതായും സംഭവം അന്വേഷിച്ചുവരികയാണെന്നും രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ പ്രതികരിച്ചു. കരഞ്ഞു കൊണ്ടാണ് ആ വനിതാ എംപി എന്റെയടുത്തേക്ക് വന്നത്. എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഞാൻ ചർച്ച ചെയ്യുന്നുണ്ട്. ആ വനിതാ എംപി ഇപ്പോഴും സംഭവത്തിന്റെ നടുക്കത്തിലാണ്. രാജ്യസഭാ ചെയർമാൻ പറഞ്ഞു.