‘കേന്ദ്രവുമായി സംസാരിക്കും, സാധ്യമായ എല്ലാ സഹായവും വയനാട്ടിൽ എത്തിക്കും’; രാഹുൽ ഗാന്ധി

‘കേന്ദ്രവുമായി സംസാരിക്കും, സാധ്യമായ എല്ലാ സഹായവും വയനാട്ടിൽ എത്തിക്കും’; രാഹുൽ ഗാന്ധി

വയനാട് മേപ്പടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യമന്ത്രിയും ജില്ലാ കളക്ടറുമായും ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഊർജ്ജിതമായ രക്ഷപ്രവർത്തനം നടക്കുന്നുണ്ടെന്ന് അവർ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

എല്ലാ ഏജൻസികളുമായി ചേർന്ന് ഏകോപനം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തിൽ അഗാധമായ വേദന രേഖപ്പെടുത്തിയ അദ്ദേഹം എല്ലാ യു. ഡി. എഫ്. പ്രവർത്തകരും ഭരണകൂടത്തിനൊപ്പം ചേർന്ന് രക്ഷപ്രവർത്തനത്തിൽ പങ്കാളികളാവണമെന്നും ആഹ്വാനം ചെയ്തു.

അതേസമയം വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഫോൺ : 9497900402, 0471 2721566.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഉത്തരമേഖല ഐജിയും കണ്ണൂർ ഡിഐജിയും അല്പസമയത്തിനുള്ളിൽ വയനാട് എത്തും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രമസമാധാനവിഭാഗം എഡിജിപിക്ക് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി. കേരള ആംഡ് പോലീസ് നാല്, അഞ്ച് ബറ്റാലിയനുകൾ, മലബാർ സ്പെഷ്യൽ പോലീസ് എന്നിവിടങ്ങളിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ വയനാട്ടേയ്ക്ക് തിരിച്ചുകഴിഞ്ഞു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്. മലപ്പുറം ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾക്കായും പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )