ഹണി റോസ് പ്രിവിലേജുള്ള വ്യക്തി,ശരിയെന്ന് വിശ്വസിക്കുന്ന കാര്യത്തിൽ ജയിലിൽ പോകാൻ മടിയില്ല; രാഹുൽ ഈശ്വർ
ഹണി റോസ് അബലയല്ല, ശക്തയാണെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഭരണഘടന നല്‍കുന്ന അവകാശത്തിലാണ് താന്‍ വിമര്‍ശനം നടത്തിയതെന്നും പുരുഷന്‍മാര്‍ക്കും കുടുംബത്തിനും വേണ്ടിയാണ് ഇപ്പോള്‍ നടത്തുന്ന വാര്‍ത്താസമ്മേളനമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ബോചെ ചെയ്തത് തെറ്റെന്ന് ആദ്യം പറഞ്ഞത് താനാണ്. പക്ഷേ ദ്വയാര്‍ത്ഥ പ്രയോഗം കൊണ്ട് ബോ ചെ ചെയ്ത നല്ല കാര്യങ്ങളെ കാണാതിരിക്കാനാവില്ല, അതൊന്നും ആരും മറക്കരുത്. പുരുഷ വിരോധം ആണ് പുരോഗമനമെന്ന് ചിന്തിക്കുന്നവരാണ് ചില ഫെമിനിസ്റ്റുകള്‍.സ്ത്രീകളെ പരമാവധി പ്രകോപിപ്പിക്കുക എന്നതാണ് ചില പുരുഷന്മാരുടെ ചിന്ത.ശരിയെന്ന് വിശ്വസിക്കുന്ന കാര്യത്തില്‍ ജയിലില്‍ പോവാന്‍ മടിയില്ല, രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍പും തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.എന്നിട്ടും ഞാന്‍ എടുത്ത നിലപാട് ശരിയാണെന്ന് തെളിഞ്ഞു.ഹണി റോസിന്റെ വിഷമത്തോടൊപ്പം നില്‍ക്കുന്നുവെന്നും അവര്‍ക്കെതിരായ സൈബര്‍ ബുള്ളിയിംഗ് ശരിയല്ലെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ ഉപയോഗിക്കുന്നത് കടുത്ത വാക്കുകളാണ്. താന്‍ ചെയ്യുന്നത് ഓര്‍ഗനൈസ്ഡ് ക്രൈം ആണെന്ന് പറയുന്നു. അത്തരം വലിയ വാക്കുകള്‍ ഉപയോഗിക്കരുതെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം, നടി ഹണിറോസിന്റെ പരാതിയില്‍ തന്റെ അറസ്റ്റ് തടയണമെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് രാഹുല്‍ ഈശ്വര്‍ കോടതിയെ സമീപിച്ചത്. എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് നടി രാഹുലിനെതിരായ പരാതി നല്‍കിയിട്ടുള്ളത്.
നിയമോപദേശം കിട്ടുന്ന മുറയ്ക്ക് എറണാകുളം സെന്‍ട്രല്‍ പൊലീസ് നടപടികള്‍ വേഗത്തിലാക്കും. സൈബര്‍ ഇടത്തില്‍ ഒരു ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയായിരുന്നു രാഹുല്‍ ഈശ്വര്‍ എന്നും പരാതിയില്‍ ആരോപണമുണ്ട്. ഞാനും എന്റെ കുടുംബവും കടുത്ത മാനസികസമ്മര്‍ദ്ദത്തിലൂടെ ആണ് കടന്നുപോകുന്നതെന്നും അതിനു പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വര്‍ ആണെന്നും ഹണിറോസ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നു. കടുത്ത മാനസികവ്യഥയിലേക്കു തള്ളിയിടുകയും ആത്മഹത്യയിലേക്കു തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് രാഹുല്‍ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഹണി റോസ് പറഞ്ഞിരുന്നു. തുടര്‍ന്നാണ്, ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുല്‍ ഈശ്വറിനെതിരെയും ഹണി റോസ് നിയമപോരാട്ടം ആരംഭിച്ചത്.