റഹീമിന്​ ഇന്നും മോചന ഉത്തരവില്ല

റഹീമിന്​ ഇന്നും മോചന ഉത്തരവില്ല

റിയാദ്: നീണ്ട 18 വർഷമായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക്​ കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്റെ കേസ് ഇന്ന് (ഞായറാഴ്​ച) കോടതി പരിഗണിച്ചെങ്കിലും മോചന ഉത്തരവുണ്ടായില്ല. വിധി പറയൽ രണ്ടാഴ്ചക്ക്​ ശേഷമെന്ന്​ ഇന്നത്തെ സിറ്റിങ്ങിന് ശേഷം കോടതി അറിയിച്ചു.

ലോകമെമ്പാടുമുള്ള മലയാളികൾ ആകാംക്ഷയോടെയാണ്​ ഈ ദിനവും കാത്തിരുന്നത്. എന്നാൽ പ്രതീക്ഷ വീണ്ടും രണ്ടാഴ്​ചക്കപ്പുറത്തേക്ക്​ നീളുകയാണ്​. കഴിഞ്ഞ മാസം 21-ന്​ മോചന ഹർജി പരിഗണിച്ച റിയാദ്​ കോടതിയിലെ മറ്റൊരു ബെഞ്ച്,​ മോചന തീരുമാനമെടുക്കേണ്ടത്​ വധശിക്ഷ റദ്ദ്​ ചെയ്​ത ബെഞ്ചായിരിക്കണമെന്ന് പറഞ്ഞ്​​ അങ്ങോട്ടേക്ക്​ മാറ്റുകയായിരുന്നു. ഇന്നത്തെ സിറ്റിങ്ങിന്റെ വിശദമായ ജഡ്ജ്മെൻറ്​ കിട്ടി പഠിച്ചതിന് ശേഷം കൂടുതൽ വിവരങ്ങൾ വാർത്താകുറിപ്പിലൂടെ അറിയിക്കുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു.

18 വർഷം മുമ്പ് സൗദി അറേബ്യയിലേക്ക് തൊഴിൽ തേടി കടൽ കടന്ന അബ്​ദുൽ റഹീം കോടമ്പുഴയിലെ മച്ചിലകത്ത് വീട്ടിലേക്ക് പിന്നീട് മടങ്ങി ചെന്നിട്ടില്ല. മകനെ കാണാനാകതെ റഹീമി​ന്റെ പിതാവ്​ ലോകത്തോട് വിടപറഞ്ഞു. ഫറോക് കോടമ്പുഴയിലെ വീട്ടിൽ കണ്ണീരൊഴുക്കി മകനെ കാത്തിരുന്ന മാതാവ് ഫാത്തിമ ക്ഷമയുടെ അറ്റം കണ്ടപ്പോൾ മകനെ കാണാൻ സൗദി അറേബ്യയിലേക്ക് വിമാനം കയറി. കഴിഞ്ഞ ഒക്​ടോബർ 30ന് സൗദിയിലെ അബഹയിലെത്തിയ ഉമ്മ ഫാത്തിമക്കും സഹോദരൻ നസീറിനും​ ഈ മാസം 12-ന് റിയാദ് ഇസ്​കാനിലെ സെൻട്രൽ ജയിലിലെത്തി അബ്​ദുൽ റഹീമിനെ കാണാനായി. കഴിഞ്ഞ ദിവസമാണ് ഉമ്മയും സഹോദരനും റിയാദിൽനിന്ന് നാട്ടിലേക്ക്​ മടങ്ങിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )