‘നീതിയില്ലെങ്കില്‍ നീ തീയാവുക’എന്നാണല്ലോ…ജീവിച്ചിരിപ്പുണ്ടെങ്കില്‍ കാണാം; രാജി അഭ്യൂഹത്തോട് പി വി അന്‍വര്‍

‘നീതിയില്ലെങ്കില്‍ നീ തീയാവുക’എന്നാണല്ലോ…ജീവിച്ചിരിപ്പുണ്ടെങ്കില്‍ കാണാം; രാജി അഭ്യൂഹത്തോട് പി വി അന്‍വര്‍

ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പി വി അന്‍വര്‍ എംഎല്‍എയുടെ രാജിയില്‍ വ്യാപക ചര്‍ച്ച. വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലുമുള്ള ഒന്നാണ് ആത്മാഭിമാനമെന്നും അത് ഇത്തിരി കൂടുതലാണെന്നും തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

തുടര്‍ച്ചയായി സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പ്രതികൂട്ടിലാക്കുന്ന ആരാപണങ്ങള്‍ ഉന്നയിച്ച അന്‍വറിനെ മുഖ്യമന്ത്രിയും പാര്‍ട്ടിയും തള്ളിയ സാഹചര്യമാണ് മുന്നിലുള്ളത്. പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്നും അതാണ് ഇടത് അനുഭാവി എന്ന നിലയില്‍ ചെയ്യേണ്ടതെന്നുമുള്ള നിര്‍ദേശമാണ് അന്‍വറിന് പാര്‍ട്ടി നല്‍കിയത്. അതിനിടെയാണ് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് അന്‍വര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

‘വിശ്വാസങ്ങള്‍ക്കും, വിധേയത്വത്തിനും, താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. ‘നീതിയില്ലെങ്കില്‍ നീ തീയാവുക’എന്നാണല്ലോ. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്’, എന്നാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കുകയാണോയെന്ന ചോദ്യത്തോട് ഉചിതമായ സമയത്ത് യുക്തമായ തീരുമാനം എടുക്കുമെന്നാണ് അന്‍വര്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചത്. ‘ജനങ്ങളോട് ചോദിച്ച് തീരുമാനിക്കും. എന്നെ തിരഞ്ഞെടുത്തത് അവരാണല്ലോ. അവരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനം യുക്തമായ സമയത്ത് ഉണ്ടാവും. എനിക്കിതിലൊന്നും ആശങ്കയില്ല. കേരളത്തിലെ ജനങ്ങളെക്കുറിച്ചാണ് എനിക്ക് ആശങ്ക’, എന്നാണ് അന്‍വറിന്റെ പ്രതികരണം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )