തുടര്‍ച്ചയായ സാമ്പത്തിക ക്രമക്കേട്: വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്
തിരുവനന്തപുരം: തുടര്‍ച്ചയായി വന്‍ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയരുമ്പോഴും വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്. തട്ടിപ്പ് നടത്തിയ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടോ എന്നും ഇവരില്‍ നിന്ന് തട്ടിപ്പ് നടത്തിയ തുക തിരിച്ചു പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നും വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ ലഭിച്ചത് ‘മറുപടി നല്‍കേണ്ടതില്ല’ എന്ന വിചിത്രമായ ഉത്തരവാണ്. പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാര്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ വാര്‍ത്തകള്‍ തുടര്‍ച്ചയായി പുറത്തുവരുന്ന സാഹചര്യത്തിലാണ് ജീവനക്കാര്‍ നടത്തിയ തട്ടിപ്പ് സംബന്ധിച്ചുള്ള മറുപടി പഞ്ചാബ് നാഷണല്‍ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസില്‍ നിന്ന് തേടിയത്.
2014 മുതല്‍ നാളിതുവരെ ബാങ്കിന്റെ ഏതൊക്കെ ശാഖകളിലെ ജീവനക്കാര്‍ എത്ര രൂപയുടെ സാമ്പത്തിക തിരിമറികള്‍ നടത്തി, അവര്‍ നിലവില്‍ ബാങ്കില്‍ ജോലി ചെയ്യുന്നുണ്ടോ, തട്ടിപ്പ് നടത്തിയ തുക പ്രസ്തുത ജീവനക്കാരില്‍ നിന്ന് തിരിച്ച് ഈടാക്കാന്‍ കഴിഞ്ഞോ , ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടോ എന്നീ ചോദ്യങ്ങളാണ് പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റ് എം കെ ഹരിദാസ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ചത്. ലഭിച്ചതാകട്ടെ ഉത്തരം നല്‍കേണ്ടതില്ല എന്ന വിചിത്രമായ മറുപടിയും.
വിവരാവകാശ നിയമം 2 എഫ് പ്രകാരവും 8(1) പ്രകാരവും മറുപടി നല്‍കേണ്ടതില്ല എന്ന ബാങ്കിന്റെ വാദം നിലനില്‍ക്കുന്നതല്ല. ആര്‍ടിഐ ആക്ട് 2 F ല്‍ ഏതൊക്കെ വിവരങ്ങള്‍ക്കായി അപേക്ഷ നല്‍കാം എന്നാണ് സൂചിപ്പിക്കുന്നത്. ഇതില്‍ എവിടെയും ബാങ്ക് മോഷണ തട്ടിപ്പ് സംബന്ധിച്ച് മറുപടി നല്‍കേണ്ടതില്ല എന്ന് പറയുന്നില്ല. RTI ആക്ട് 8(1) ല്‍ പറയുന്നത് ദേശ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ നല്‍കരുത് എന്നാണ്. ഇതില്‍ എവിടെയാണ് സുരക്ഷാ പ്രശ്‌നം നിലനില്‍ക്കുന്നത്. മാത്രമല്ല മൂന്നാം കക്ഷിക്ക് ദോഷമാകുന്ന വിധത്തില്‍ തട്ടിപ്പു കാരുടെ പേര് വിവരങ്ങള്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുമില്ല.
പഞ്ചാബ് നാഷണല്‍ ബാങ്ക് കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ മാനേജര്‍ 2022 ഡിസംബറില്‍ കോഴിക്കോട് കോര്‍പറേഷന്റെ 1.26 കോടി രൂപ തട്ടിയെടുത്തിരുന്നു. പിന്നീട് ബാങ്ക് തിരിച്ചടക്കുകയായിരുന്നു. ഗുരുവായൂര്‍ ബ്രാഞ്ചില്‍ ഒരു ജീവനക്കാരന്‍ ദേവസ്വത്തിന്റെ ദിവസ കലക്ഷനില്‍ നിന്നും തിരിമറി നടത്തിയത് 25 ലക്ഷം രൂപയാണ്. ഇതും ബാങ്ക് തിരിച്ചടക്കുകയായിരുന്നു.ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തുടരുമ്പോള്‍ അവിടെത്തെ നിക്ഷേപകര്‍ പറ്റിക്കപെടുകയാണ്.