പി.ടി ഉഷ പാരീസ് ഒളിമ്പിക്‌സിനിടെ രാഷ്ട്രീയം കളിച്ചു: വിനേഷ് ഫോഗട്ട്

പി.ടി ഉഷ പാരീസ് ഒളിമ്പിക്‌സിനിടെ രാഷ്ട്രീയം കളിച്ചു: വിനേഷ് ഫോഗട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മേധാവി പി.ടി ഉഷ പാരീസ് ഒളിമ്പിക്‌സില്‍ രാഷ്ട്രീയം കളിച്ചുവെന്ന വിമര്‍ശനവുമായി ഇന്ത്യന്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ട്. വിനേഷ് ഫോഗട്ട് ആശുപത്രിയിലായിരിക്കുമ്പോഴെത്തി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിലാണ് അവരുടെ വിമര്‍ശനം. ഇത് ആത്മാര്‍ഥമായ പിന്തുണയായി തനിക്ക് തോന്നിയില്ലെന്ന വിമര്‍ശനമാണ് വിനേഷ് ഫോഗട്ട് ഉന്നയിച്ചിരിക്കുന്നത്.

പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനേഷ് ഫോഗട്ടിന്റെ പരാമര്‍ശം. അയോഗ്യയാക്കിയതിനെതിരെ ഇന്ത്യ ഒളിമ്പിക് അസോസിയേഷന്‍ അപ്പീല്‍ നല്‍കാന്‍ വൈകിയെന്നും വിനേഷ് ഫോഗട്ട് വിമര്‍ശിച്ചു. താന്‍ മുന്‍കൈയെടുത്താണ് കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അത്യാവശ്യസമയത്ത് വേണ്ട പിന്തുണ തനിക്ക് ലഭിച്ചില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

ഒരു ദിവസം കഴിഞ്ഞാണ് ഹരീഷ് സാല്‍വെ കേസിന്റെ ഭാഗമായി ചേര്‍ന്നത്. ഇന്ത്യയല്ല താന്‍ വ്യക്തിപരമായാണ് കേസ് നല്‍കിയത്. സര്‍ക്കാര്‍ കേസില്‍ മൂന്നാം കക്ഷിയായിരുന്നുവെന്നും ഫോഗട്ട് പറഞ്ഞു. ഗുസ്തി ഫെഡറേഷന്‍ നേതൃത്വത്തെ സംബന്ധിച്ച് വീണ്ടും വിനേഷ് ഫോഗട്ട് വിമര്‍ശനം ഉന്നയിച്ചു. സഞ്ജയ് സിങ്ങില്‍ നിന്നും നല്ല ഫലമുണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. അയാളെ വിശ്വസിക്കാനാവില്ല. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ ഡമ്മി സ്ഥാനാര്‍ഥിയാണ് സഞ്ജയ് സിങ്ങെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.നേരത്തെ പാരീസ് ഒളിമ്പിക്‌സിനിടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരുന്നു. ഭാരക്കൂടുതലിന്റെ പേരിലായിരുന്നു അയോഗ്യത. തുടര്‍ന്ന് ഇതിനെതിരെ അപ്പീല്‍ നല്‍കിയെങ്കിലും ഹർജി കായിക തര്‍ക്ക പരിഹാര കോടതി ഹർജി അംഗീകരിച്ചിരുന്നില്ല.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )