വേങ്ങരയിൽ നവവധുവിന് മർദ്ദനമേറ്റ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്, ഭർത്താവിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും

വേങ്ങരയിൽ നവവധുവിന് മർദ്ദനമേറ്റ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്, ഭർത്താവിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും

മലപ്പുറം: മലപ്പുറം വേങ്ങരയിൽ നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. വേങ്ങര സ്വദേശിയായ നവവധുവിനാണ് ഭർതൃവീട്ടിൽ ക്രൂര മർദ്ദനമേറ്റത്. ഭർത്താവിന്റെ മർദ്ദനത്തിൽ യുവതിയുടെ കേൾവി ശക്തിക്ക് തകരാർ പറ്റിയിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിയായ ഭര്‍ത്താവ് മുഹമ്മദ്‌ ഫായിസിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ദുബായ് വഴി സൗദിയിലേക്ക് കടന്ന ഒന്നാം പ്രതി ഭർത്താവ് മുഹമ്മദ് ഫായിസിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും. പ്രതിയെ നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നുവെന്നും പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു.  മുഹമ്മദ് ഫായിസിന്‍റെ ക്രൂര പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്ന പെൺകുട്ടി മെയ് 23 നാണ് മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ ഗാര്‍ഹിക പീഡനം, ഉപദ്രവം, വിശ്വാസം തകര്‍ക്കുന്ന വിധത്തിലുള്ള പെരുമാറ്റം അടക്കമുള്ള നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. കേസ് അന്വേഷണത്തിലും പൊലീസ് അലംഭാവം കാണിച്ചതോടെ ഒരാഴ്ച്ചക്ക് ശേഷം മെയ് 28 ന് പെൺകുട്ടി മലപ്പുറം എസ്പിക്ക് പരാതി നല്‍കി. 

എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം കേസില്‍ വധശ്രമം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ വകുപ്പുകള്‍ കൂടി ചേര്‍ത്തു. ഇതോടെ മുഹമ്മദ് ഫായിസും അമ്മ സീനത്തും മുൻകൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. സീനത്ത് ഹൈക്കോടതിയില്‍ നിന്നും അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് നേടി. ഇതിനിടെ മുഹമ്മദ് ഫായിസും പിതാവ് സൈതലവിയും ഒളിവില്‍ പോവുകയായിരുന്നു. 

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )