‘അല്ലു അര്‍ജുന്‍ മനുഷ്യത്വം കാണിക്കണമായിരുന്നു, നിയമം എല്ലാവര്‍ക്കും ഒരുപോലെ’; പവന്‍ കല്യാണ്‍
ഹൈദരാബാദ്: സിനിമാ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരായ പൊലീസ് നടപടികളെ പിന്തുണച്ച് ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും അല്ലു അര്‍ജുന്‍ മനുഷ്യത്വം കാണിക്കണമായിരുന്നുവെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.
അല്ലു അര്‍ജുനോ ടീമിലുള്ളവരോ രേവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കണമായിരുന്നു. സംഭവത്തില്‍ അല്ലു അര്‍ജുനെ മാത്രം ഉത്തരവാദി ആക്കുന്നത് അന്യായമാണ്. തീയേറ്റര്‍ ജീവനക്കാര്‍ അല്ലു അര്‍ജുനെ സ്ഥിതിഗതികള്‍ മുന്‍കൂട്ടി അറിയിക്കണമായിരുന്നു. അദ്ദേഹം സീറ്റില്‍ ഇരുന്നതോടെ തിരക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായി.
നടന്റെ അറസ്റ്റില്‍ രേവന്ത് റെഡ്ഡിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ആരായാലും നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും പവന്‍ കല്യാണ്‍ വ്യക്തമാക്കി. രേവന്ത് റെഡ്ഡി ഒരു മികച്ച നേതാവാണെന്നും പവന്‍ കല്യാണ്‍ കൂട്ടിച്ചേര്‍ത്തു. അല്ലു അര്‍ജുന്റെ
ബന്ധുകൂടിയാണ് പവന്‍ കല്യാണ്‍.
നേരത്തേ പൊലീസ് നടപടികളെ പിന്തുണച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തെത്തിയിരുന്നു. പൊലീസ് ഇവരുടെ ജോലിയാണ് ചെയ്യുന്നതെന്നാണ് രേവന്ത് റെഡ്ഡി പറഞ്ഞത്. ‘അല്ലു അര്‍ജ്ജുന്‍ സിനിമ കണ്ട് തിരിച്ചുപോവുകയല്ല ചെയ്തത്. മറിച്ച്, സിനിമയുടെ റിലീസ് ആഘോഷിക്കുന്ന ഫാന്‍സിനെ കാറിന്റെ റൂഫ് തുറന്ന് പുറത്തേക്ക് വന്ന് അഭിസംബോധന ചെയ്യുകയാണ്. ഇതോടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി’, രേവന്ത് റെഡ്ഡി വിശദീകരിച്ചതിങ്ങനെയാണ്.