പാലക്കാട് ആര്‍ക്കൊപ്പം…ഇന്ന് ജനവിധി; ബൂത്തുകളില്‍ നീണ്ടനിര

പാലക്കാട് ആര്‍ക്കൊപ്പം…ഇന്ന് ജനവിധി; ബൂത്തുകളില്‍ നീണ്ടനിര

ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ പാലക്കാട്ടെ വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. നിരവധി വിവാദങ്ങള്‍ക്കും ശക്തമായ ത്രികോണപ്പോരും സമാനതകളില്ലാത്ത തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തിനാണ് പാലക്കാട് സാക്ഷ്യം വഹിച്ചിരുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. പുലര്‍ച്ചെ 5.30ന് മോക് പോള്‍ ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂര്‍ത്തിയായി. രാഹുല്‍ മാങ്കൂട്ടത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. പി. സരിനാണ് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരരംഗത്തുള്ളത്. എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറാണ്.

ഷാഫി പറമ്പില്‍ നേടിയ മണ്ഡലം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. അതേസമയം അപ്രതീക്ഷിത നീക്കത്തിലൂടെ കോണ്‍ഗ്രസ് വിട്ട പി സരിന് ഇടതുമുന്നണിയെ മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നിലെത്തിക്കണമെന്ന ചുമതലയാണ്. മെട്രോമാന്‍ ഇ ശ്രീധരനിലൂടെ നേരത്തെ നടത്തിയ മുന്നേറ്റം തുടരാനും കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാനും ബിജെപി ലക്ഷ്യമിടുന്നു. ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ബുധനാഴ്ച്ച(നവംബര്‍ 20) പാലക്കാട് നിയോജക മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചെന്നാണ് ജില്ലാ കളക്ടര്‍ ഡോ.എസ് ചിത്ര അറിയിച്ചിരിക്കുന്നത്. നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നാളെ ശമ്പളത്തോടുകൂടിയ അവധിയായിരിക്കും.

1,94,706 വോട്ടര്‍മാരാണ് ഇന്ന് അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 പ്രവാസി വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക പരിഗണ നല്‍കിയാണ് ഉപതെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് വരി നില്‍ക്കേണ്ട ആവശ്യമില്ല. അതുപോലെ ഭിന്നശേഷി സൗഹൃദം ഉറപ്പു വരുത്തുന്നതിനായി മണ്ഡലത്തിലെ 184 ബൂത്തുകളും താഴത്തെ നിലയിലാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ബൂത്തുകളിലും റാംപ് സൗകര്യം, ചലന വൈകല്യമുള്ളവര്‍ക്ക് വീല്‍ ചെയര്‍, കാഴ്ച പരിമിതി ഉള്ളവരെ സഹായിക്കുന്നതിനായി സഹായികള്‍, കുടിവെള്ളം, വോട്ടിങ് മെഷീനില്‍ ബ്രെയിന്‍ ലിപി എന്നിവ ഒരുക്കിയിട്ടുണ്ട്. വെണ്ണക്കര സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാന കെട്ടിടം ഭിന്നശേഷിക്കാര്‍ മാത്രമുള്ള പോളിംഗ് ബൂത്തായി സജ്ജീകരിച്ചിട്ടുണ്ട്. എ.എല്‍.പി. സ്‌കൂള്‍ മാത്തൂറിലാണ് ഏറ്റവും കൂടുതലായ 145 ഭിന്നശേഷി വോട്ടര്‍മാരുള്ളത്. ഇവിടെ ചലന വൈകല്യമുള്ള 77 പേരും, കാഴ്ച പരിമിതിയുള്ള 5 പേരുമാണ് ഉള്ളത്. മണപ്പുള്ളിക്കാവ് ട്രൂ ലൈന്‍ പബ്ലിക് സ്‌കൂളിലാണ് കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ കൂടുതലുള്ളത്. ജില്ലാ സാമൂഹ്യ നീതി ഓഫീസറായ സമീര്‍ മച്ചിങ്ങലാണ് നോഡല്‍ ഓഫീസര്‍.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )