പോലീസ് സ്റ്റേഷനിലെത്തി ലവലേശം കൂസലില്ലാതെ കുറ്റസമ്മതം; മനുഷ്യത്വം മരിച്ച മനസുമായി പദ്മരാജന്‍; ഞെട്ടിത്തരിച്ചൊരു നാട്

പോലീസ് സ്റ്റേഷനിലെത്തി ലവലേശം കൂസലില്ലാതെ കുറ്റസമ്മതം; മനുഷ്യത്വം മരിച്ച മനസുമായി പദ്മരാജന്‍; ഞെട്ടിത്തരിച്ചൊരു നാട്

നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടലിലാണ് കൊല്ലം നഗരവാസികള്‍.നഗരത്തിലെ ചെമ്മാന്‍മുക്കിലെ ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണു ദാരുണ സംഭവം അരങ്ങേറിയത്. കൊല്ലം നഗരത്തില്‍ കടപ്പാക്കട നായേഴ്‌സ് ജംക്ഷനു സമീപം ബേക്കറി നടത്തുന്ന കൊട്ടിയം തഴുത്തല തുണ്ടില്‍ വീട്ടില്‍ അനില (44)യെയാണ് ഭര്‍ത്താവ് നാടകീയമായി തീകൊളുത്തി കൊലപ്പെടുത്തിയത്. പൊള്ളലേറ്റ ഒപ്പമുണ്ടായിരുന്ന തഴുത്തല സ്വദേശി സോണിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഓട്ടോറിക്ഷ വിളിച്ച് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തി പദ്മരാജന്‍.പിന്നീട് പോലീസുകാര്‍ക്കു മുന്നില്‍ എല്ലാം താനാണ് ചെയ്‌തെന്ന് പറഞ്ഞ് കുറ്റം സമ്മതിച്ചു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കവും കച്ചവടത്തിലെ പങ്കാളിയുമായുള്ള അടുപ്പം സംബന്ധിച്ച വഴക്കുമെല്ലാം അക്കമിട്ടു നിരത്തി. ഭാര്യയുടെ ബേക്കറിയില്‍ പങ്കാളിയായ യുവാവ് തന്നെ മര്‍ദിച്ചു പരിക്കേല്‍പ്പിച്ച കാല്‍ കാട്ടിക്കൊടുത്തു.

കൊലപ്പെടുത്താന്‍ തീരുമാനിച്ചുറപ്പിച്ചാണ് പ്രതി എത്തിയതെന്ന് പോലീസ് പറഞ്ഞു. വേഗത്തില്‍ ഒഴിച്ച് കത്തിക്കാനുള്ള സൗകര്യത്തിനാണ് വലിയ വാ വട്ടമുള്ള ബക്കറ്റില്‍ പെട്രോള്‍ കരുതിയതെന്ന് പോലീസ് പറഞ്ഞു. കാറിലിരുന്നുതന്നെ ഭാര്യയിരുന്ന കാറിലേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. കൊട്ടിയത്ത് കാറ്ററിങ് സ്ഥാപനം നടത്തുകയാണ് ഇയാള്‍. പത്മരാജന്റേത് രണ്ടാം വിവാഹമാണ് കൊട്ടിയത്തെ പെട്രോള്‍ പമ്പിലെത്തി മൂന്നു ലിറ്റര്‍ പെട്രോള്‍ കന്നാസില്‍ വാങ്ങി. തഴുത്തലയിലെ വീട്ടിലെത്തിയ പദ്മരാജന്‍ സ്റ്റീല്‍ ബക്കറ്റിലേക്ക് ഒഴിച്ചു. തുടര്‍ന്ന് പെട്രോള്‍ നിറച്ച ബക്കറ്റ് വാനിലാക്കിയശേഷം അനില കാറില്‍ വരുന്നതും നോക്കി ചെമ്മാന്‍മുക്കിനു സമീപം കാത്തുകിടന്നു. കൈയില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ചാണ് തീകൊളുത്തിയതെന്നും പോലീസ് പറഞ്ഞു.

അനിലയുടെ ബേക്കറിയില്‍ പങ്കാളിത്തമുള്ള കടപ്പാക്കട കുന്നേല്‍മുക്ക് സ്വദേശിയായ യുവാവ് പിന്നാലെ ബൈക്കിലെത്തിയിരുന്നെന്നും പോലീസ് സംശയിക്കുന്നു. ഇയാളെയും വിശദമായി ചോദ്യംചെയ്തുവരികയാണ്. അനിലയും സോണിയും സഞ്ചരിച്ച കാറിലാണ് പത്മരാജന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. തീ പടര്‍ന്നതോടെ സോണി കാറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. എന്നാല്‍ അനിലയ്ക്ക് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാനായില്ല. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീ അണച്ച ശേഷമാണ് അനിലയെ ആശുപത്രിയിലേക്ക് മാറ്റിയത്.

പൊള്ളലേറ്റ സോണി ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു വാഹനത്തില്‍ എത്തിയാണ് അനിലയും സോണിയും സഞ്ചരിച്ച കാറിലേക്ക് പത്മരാജന്‍ പെട്രോള്‍ ഒഴിച്ചത്. തീ പടര്‍ന്നതോടെ പത്മരാജനും ഓടിരക്ഷപ്പെട്ടു. ഇരുവാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )