കോണ്‍ഗ്രസില്‍ നിന്ന് എസ്‌കേപ്പടിച്ചവര്‍ തമ്മില്‍ തല്ലോ? ഷാനിബ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് പി സരിന്‍; പിന്മാറില്ലെന്ന് മറുപടി
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങുന്ന കോണ്‍ഗ്രസ് വിമതന്‍ എ കെ ഷാനിബ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്തി പി സരിന്‍. പിന്മാറുന്നത് എന്തിനുവേണ്ടിയെന്ന് ജനങ്ങളോട് പറയണം. ഷാനിബ് എല്‍ഡിഎഫിന് പിന്തുണ നല്‍കണം. ഒറ്റപ്പെട്ട ശബ്ദമാകരുതെന്നും പി സരിന്‍ ആവശ്യപ്പെട്ടു.
‘ആരാണ് ശരിയെന്ന് വിളിച്ചുപറയാന്‍ കൂടെയുണ്ടാകണം. കഴിയുമെങ്കില്‍ നോമിനേഷന്‍ നല്‍കരുത്. നേരിട്ട് വന്ന് കാണാനും താല്‍പര്യമുണ്ട്. ഏത് കോണ്‍ഗ്രസുകാരനാണ് കൂടുതല്‍ വോട്ട് എന്ന് ഉറ്റുനോക്കുന്ന സാഹചര്യമാണുള്ളത്. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിച്ചുപോകരുത്’, പി സരിന്‍ പറഞ്ഞു. ഷാനിബുമായി ഇതേകുറിച്ച് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും തനിക്ക് കോണ്‍ഗ്രസ് അതൃപ്തി വോട്ട് കിട്ടില്ലെന്നുള്ളത് ഷാനിബിന്റെ നിരീക്ഷണമാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം താന്‍ മത്സരത്തില്‍നിന്ന് പിന്മാറില്ലെന്ന് എന്‍ കെ ഷാനിബുംവ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 2.45ഓടെ പത്രിക സമര്‍പ്പിക്കും. പി സരിന്റെ ആവശ്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഷാനിബ് വ്യക്തമാക്കി. സതീശനും ഷാഫിയും കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ത്തിയ നയങ്ങളോടുള്ള പ്രതിഷേധമാണ് ഈ മത്സരമെന്നും ഷാനിബ് പറഞ്ഞു. താന്‍ മത്സരിച്ചാല്‍ ബിജെപിക്കു ഗുണകരമാകുമോ എന്ന് ചര്‍ച്ച ചെയ്തു.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വാര്‍ത്താ സമ്മേളനം നടത്തി ആരോപണമുന്നയിച്ചാണ് ആദ്യം സരിനും പിന്നാലെ ഷാനിബും പാര്‍ട്ടിവിട്ടത്. ഇതില്‍ സരിന്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരരംഗത്തെത്തി. ഷാനിബ് പൂര്‍ണ സ്വതന്ത്രനായി മത്രസിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് മത്സരമെന്നും ആരുടെയെങ്കിലും പിന്തുണയെക്കുറിച്ച് പിന്നീട് പറയാമെന്നും ഷാനിബ് പറഞ്ഞു. ഷാഫി പറമ്പിലിന്റെയും വി.ഡി സതീശന്റെയും കോക്കസിനെതിരെയെന്ന് പോരാട്ടം. ഇത്രയും കാലത്തെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്കകത്ത് ഉണ്ടാക്കിയെടുത്ത സ്വാധീനം അടിസ്ഥാനമാക്കിയാണ് താന്‍ യുദ്ധം ചെയ്യുന്നതെന്നും ഷാനിബ് പറഞ്ഞു