കൊച്ചിയിൽ അവയവ മാഫിയ സജീവം; ലേക്‌ഷോർ ഉൾപ്പെട പ്രധാന ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രവർത്തനം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

കൊച്ചിയിൽ അവയവ മാഫിയ സജീവം; ലേക്‌ഷോർ ഉൾപ്പെട പ്രധാന ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രവർത്തനം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

കൊച്ചി: കൊച്ചി നഗരത്തില്‍ അവയവ മാഫിയകള്‍ സജീവമെന്ന് വെളിപ്പെടുത്തല്‍. കൊച്ചിയിലെ ലേക്ഷോര്‍ ഉള്‍പ്പെടയുള്ള പ്രധാന ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് മാഫിയകളുടെ പ്രവര്‍ത്തനം. അവയവ ദാനത്തിന് ഏജന്റുമാര്‍ കൈപ്പറ്റുന്നത് 25 ലക്ഷം രൂപവരെയാണ്. അവയവങ്ങള്‍ സ്വീകരിക്കുന്ന വിദേശികളില്‍ നിന്നും ഇരട്ടിയിലേറെ തുക വാങ്ങിയാണ് കച്ചവടം. വൃക്ക നല്‍കിയ ഒരു സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ് ജനം ടിവിയോട് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ചിരുന്ന സ്ത്രീയെ സമീപിച്ച ഏജന്റുമാര്‍ പണം നല്‍കി വൃക്ക ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നു. 8.5 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷം 3.5 ലക്ഷം രൂപ മാത്രമാണ് ഏജന്റുമാര്‍ നല്‍കിയതെന്നും തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ബാക്കി തുക ചോദിക്കുമ്പോള്‍ ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഏജന്റുമാര്‍ ഇതിനു പ്രതിഫലമായി 25 ലക്ഷം രൂപയോളം സ്വീകര്‍ത്താവില്‍ നിന്നും കൈപ്പറ്റിയതായും അവര്‍ പറഞ്ഞു. കൊച്ചിയിലെ പ്രധാന ആശുപത്രികളിലെല്ലാം ഇത്തരത്തില്‍ ഏജന്റുമാരുടെ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുമായി ചില ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും വരെ ബന്ധമുണ്ടെന്നും ഇവര്‍ പറയുന്നു.

സാധാരണക്കാരായ ആളുകളുടെ അവസ്ഥ ചൂഷണം ചെയ്ത് ലക്ഷങ്ങള്‍ കൈപ്പറ്റുന്ന 10ഓളം ഏജന്റുമാരെയും ആശുപത്രികളെയും തനിക്ക് അറിയാമെന്നും യുവതി പറയുന്നു. ഇത്തരത്തില്‍ തൃശ്ശൂര്‍ സ്വദേശിയായ സാബിത് നിരവധി ആളുകളെ കബളിപ്പിച്ച് അവയവ കച്ചവടത്തിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്തതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും രാജ്യാന്തര തലത്തിലുള്ള അവയവ കച്ചവടത്തില്‍ ഇനിയും കണ്ണികള്‍ ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഏജന്‍സികള്‍.

തൃശൂരിലെ മുല്ലശ്ശേരിയില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ അവയവ കച്ചവടം നടത്തുന്നവരും ഇടനിലക്കാരും സജീവമാണെന്ന് മുല്ലശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സിഎ സാബു മുഖ്യമന്ത്രിക്ക് അയച്ച കത്തും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്വാന്തനം ജീവകാരുണ്യ സമിതിയുടെ പ്രസിഡന്റ് കൂടിയാണ് സാബു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ ദാരിദ്ര്യം മുതലെടുത്താണ് അവയവ കച്ചവടത്തിന് മാഫിയകള്‍ പ്രേരിപ്പിക്കുന്നതെന്നും പരിശീലനം നേടിയ സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ ഈ മാഫിയയില്‍ ഇടനിലക്കാരായി സജീവമാണെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )