ചെയ്തതെല്ലാം ദൈവത്തിനറിയാം, പണത്തിന് വേണ്ടിയല്ല ഒന്നും: ഈശ്വർ മാൽപെ
കര്‍ണാടകയിലെ ഷിരൂരില്‍ ഉണ്ടായ വന്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളോടു പ്രതികരിച്ച് കര്‍ണാടകയിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ. ഷിരൂരിലെ അപകടത്തില്‍ താന്‍ ചെയ്തത് ദൈവത്തിനറിയാം എന്നും പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങള്‍ ചെയ്യുന്നതെന്നും മല്‍പെ പറഞ്ഞു.
‘തന്റെ യുട്യൂബില്‍നിന്നു കിട്ടുന്ന വരുമാനം ആംബുലന്‍സ് സര്‍വീസിനാണു കൊടുക്കുന്നത്. ഒരിക്കലും പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങള്‍ നടത്തുന്നത്. വ്യാജ പ്രചാരണമാണ് എനിക്കെതിരെ കേസുണ്ട് എന്നത്. ഷിരൂര്‍ തിരച്ചില്‍ വിഷയത്തില്‍ താനിനി വിവാദത്തിനില്ല. ഞാന്‍ ചെയ്തത് എന്തെന്നു ദൈവത്തിനറിയാം, കണ്ടു നിന്നവര്‍ക്കും എല്ലാം അറിയാം. ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ല അതൊന്നും”- ഈശ്വര്‍ മല്‍പെ വ്യക്തമാക്കി.
മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ പേരില്‍ ലോറിയുടമ മനാഫ് പണപ്പിരിവു നടത്തുകയാണെന്നും കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുകയാണെന്നുമാണ് കുടുംബം ആരോപിച്ചത്. അര്‍ജുന്റെ പേരില്‍ സമാഹരിക്കുന്ന ഫണ്ടുകള്‍ തങ്ങള്‍ക്ക് വേണ്ടെന്നും പണപ്പിരിവു നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. മരിച്ച അര്‍ജുന് 75,000 രൂപ വരെ ശമ്പളമുണ്ടായിരുന്നെന്നാണു പ്രചാരണം നടക്കുന്നത്.
നാലാമത്തെ മകനായി അര്‍ജുന്റെ മകനെ വളര്‍ത്തുമെന്ന മനാഫിന്റെ പരാമര്‍ശം ഏറെ വേദനിപ്പിച്ചു. ഈശ്വര്‍ മല്‍പെയുടെയും മനാഫിന്റെയും നടപടികള്‍ നാടകമാണ്. യുട്യൂബ് ചാനലിനു കാഴ്ചക്കാരെ കൂട്ടുകയാണ് അവരുടെ ലക്ഷ്യമെന്നും അര്‍ജുന്റെ കുടുംബം ആരോപിച്ചു.