മലിനീകരണത്തെ ഒരു മതവും പ്രോല്‍സാഹിപ്പിക്കുന്നില്ല, പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ട്?; സുപ്രീം കോടതി

മലിനീകരണത്തെ ഒരു മതവും പ്രോല്‍സാഹിപ്പിക്കുന്നില്ല, പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ട്?; സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡൽഹിയിലെ പടക്കങ്ങളുടെ ഉപയോഗം വായുമലിനീകരണത്തിന് കാരണമായിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ പരാമർശവുമായി സുപ്രീംകോടതി. ഒരു മതവും വായുമലിനീകരണത്തിന് കാരണമാവുന്ന പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കില്ലെന്നും പിന്നെ എന്തുകൊണ്ട് പടക്ക നിരോധനം കർശനമായി നടപ്പാക്കുന്നില്ലെന്നും സുപ്രീംകോടതി ചോദിച്ചു.

ഡൽ​ഹിയിൽ ദിനംപ്രതി വായുമലിനീകരണ തോത് കൂടുന്നതിനിടയിൽ ദീപാവലിക്ക് പടക്കങ്ങൾ പൊട്ടിച്ചതും വായു മലിനമാകൻ കാരണമായിരുന്നു. ഇങ്ങനെ പടക്കത്തിന്റെ ഉപയോ​ഗം തുടർന്നാൽ അത് ആളുകളുടെ ആരോ​ഗ്യത്തെ മോശമായി ബാധിക്കുമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് അഭയ് എസ് ഓഖ, എ.ജി മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചാണ് നിരീക്ഷിച്ചത്.

അതേസമയം, പടക്ക നിരോധനം കൃത്യമായി നടപ്പിലാക്കുന്നതിനായി പ്രത്യേക സെൽ രൂപീകരിക്കാൻ കോടതി ഡൽഹി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. നവംബർ 25ന് മുമ്പായി ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം സമർപ്പിക്കണം. ഡല്‍ഹിയിലെ ഉത്സവ സീസണുകളിലും, കാറ്റ് മലിനീകരണം രൂക്ഷമാകുന്ന മാസങ്ങളിലും ഊന്നല്‍ നല്‍കുന്നതാണ് നിലവിലെ ഉത്തരവെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി വിശദീകരിച്ചു.

പടക്കങ്ങളുടെ നിര്‍മ്മാണവും വില്‍പനയും നിരോധിച്ചെങ്കിലും തെരഞ്ഞെടുപ്പ്, വിവാഹം തുടങ്ങിയ പരിപാടികള്‍ക്ക് ഇളവ് അനുവദിച്ചുകൊണ്ട് ഒക്ടോബര്‍ 14-ന് ഡല്‍ഹി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവും കോടതി പരിശോധിച്ചു. തെരഞ്ഞെടുപ്പുകള്‍ക്കും വിവാഹങ്ങള്‍ക്കും മറ്റും പടക്കം കത്തിക്കാമെന്ന് നിങ്ങളുടെ ഉത്തരവില്‍ പറഞ്ഞിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. നിരോധന ഉത്തരവിനെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവര്‍ക്കും ഉടന്‍ അറിയിപ്പ് നല്‍കാനും പടക്കങ്ങളുടെ വില്‍പ്പനയും നിര്‍മ്മാണവും ഇല്ലെന്ന് ഉറപ്പാക്കാനും സുപ്രീം കോടതി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )