ഹോക്കിയെ മിസ്സ് ചെയ്യും. താന്‍ വിരമിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ലെന്ന് പിആര്‍ ശ്രീജേഷ്
പാരിസ്: പാരിസ് ഒളിംപിക്സില്‍ വെങ്കലമെഡലോടെ വിരമിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറുമായ പിആര്‍ ശ്രീജേഷ്. മെഡല്‍ നേട്ടത്തിന് ശേഷം വികാരാധീനനായി പ്രതികരിച്ചിരിക്കുകയാണ് സൂപ്പര്‍ താരം. മത്സരത്തിന് ശേഷം വികാരാധീനനായ ശ്രീജേഷ് ഗോള്‍പോസ്റ്റിന് മുന്നില്‍ നിന്നുകൊണ്ട് തന്റെ ഉപകരണങ്ങള്‍ക്കും പോസ്റ്റ് ബാറുകള്‍ക്കും നന്ദി പറഞ്ഞു.
താന്‍ വിരമിക്കാന്‍ ആരും ആഗ്രഹിക്കുന്നുണ്ടാവില്ലെന്ന് പറഞ്ഞ ശ്രീജേഷ് ഹോക്കിയെ മിസ്സ് ചെയ്യുമെന്നും വ്യക്തമാക്കി. ‘ഇന്നത്തെ മത്സരത്തിനും വിജയത്തിനും ശേഷം ഞാന്‍ വിരമിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാം. പക്ഷേ ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ എന്റെ പരിശീലകന്‍ പറഞ്ഞു, ശ്രീ, നിങ്ങള്‍ വിരമിക്കുമ്പോള്‍ എന്തുകൊണ്ട് വിരമിക്കുന്നു എന്നുവേണം എല്ലാവരും ചോദിക്കാന്‍. ഇതുതന്നെയാണ് ശരിയായ വഴിയെന്ന് എനിക്ക് തോന്നുന്നു. എന്റെ ടീം എനിക്ക് മികച്ച യാത്രയയപ്പാണ് നല്‍കിയത്’, ശ്രീജേഷ് പറഞ്ഞു.
മത്സരത്തിന് ശേഷം വികാരാധീനനായ ശ്രീജേഷ് ഗോള്‍പോസ്റ്റിന് മുന്നില്‍ നിന്നുകൊണ്ട് തന്റെ ഉപകരണങ്ങള്‍ക്കും പോസ്റ്റ് ബാറുകള്‍ക്കും നന്ദി പറഞ്ഞു. ‘കായികരംഗത്തെ ഉയര്‍ച്ച താഴ്ചകള്‍ക്കും ഗോള്‍പോസ്റ്റ് ബാറുകള്‍ മുഴുവന്‍ തനിക്ക് വേണ്ടി നിലകൊണ്ടതിനും നന്ദിയുണ്ടെന്ന് ശ്രീജേഷ് പറഞ്ഞു. എന്റെ ജീവിതം ഈ ഗോള്‍പോസ്റ്റുകള്‍ക്കിടയിലാണ്. തീര്‍ച്ചയായും ഞാന്‍ അത് മിസ്സ് ചെയ്യും’, ശ്രീജേഷ് പറഞ്ഞു. ‘ഓരോ തവണ ഗോള്‍ വഴങ്ങുമ്പോഴും ഗോളുകള്‍ സേവ് ചെയ്യുമ്പോഴും ഈ പോസ്റ്റുകള്‍ എനിക്ക് വേണ്ടിയുണ്ടെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ഞാന്‍ എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് അതിനറിയാം. എന്റെ യാത്രയും വിജയവും പരാജയവും എങ്ങനെയാണെന്ന് ഈ പോസ്റ്റുകള്‍ക്കറിയാം. അത് ശാശ്വതമാണ്. എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് ഈ ഗോള്‍പോസ്റ്റുകള്‍. ഞാന്‍ അതിനെ മിസ്സ് ചെയ്യും, പക്ഷേ അതാണ് ജീവിതം’, ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.