സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ ഒഴിയുന്നില്ല; ജൂലൈയില്‍ 74 മരണം

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ ഒഴിയുന്നില്ല; ജൂലൈയില്‍ 74 മരണം

പാലക്കാട്: മഴ അല്‍പം ശമിച്ചെങ്കിലും സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ ഒഴിയുന്നില്ല. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ വിവിധ തരം പനികള്‍ ബാധിച്ച് ജൂലൈയില്‍ മാത്രം 74 മരണങ്ങളാണുണ്ടായത്. ഇതില്‍ കൂടുതല്‍ മരണം സംഭവിച്ചത് എലിപ്പനി ബാധിച്ചാണ്-27 പേര്‍.

ഇതിനുപുറമെ 22 മരണങ്ങള്‍ എലിപ്പനി ബാധിച്ചാണോയെന്ന് സംശയിക്കുന്നുമുണ്ട്. 440 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. എച്ച്1എന്‍1 ബാധിച്ച് 24 പേരും ഇക്കാലയളവില്‍ മരിച്ചു.ഡെങ്കിപ്പനി മൂലം ഏഴുപേരും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് എട്ടുപേരും വയറിളക്ക രോഗങ്ങള്‍മൂലം നാലുപേരും ചിക്കന്‍ പോക്‌സ് ബാധിച്ച് രണ്ടുപേരും മരിച്ചു.നിപ, വെസ്റ്റ് നൈല്‍ എന്നിവ ബാധിച്ച് രണ്ടുപേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. 3805 പേര്‍ക്കാണ് കഴിഞ്ഞമാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 12 പേരുടെ മരണം ഡെങ്കി മൂലമാണോ എന്ന് സംശയമുണ്ട്.

ആഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ പനി, ഹെപ്പറ്റൈറ്റിസ്, എച്ച്1 എന്‍1 എന്നിവ ബാധിച്ച് ഓരോ ആള്‍ വീതവും എലിപ്പനി ബാധിച്ച് രണ്ടു പേരും മരിച്ചു. ഈ വര്‍ഷം ഇതുവരെ 90 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. എച്ച്1എന്‍1 ബാധിച്ച് 35 പേരും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 33 പേരും ഡെങ്കിപ്പനി മൂലം 29 പേരും മരിച്ചു.വെസ്റ്റ് നൈല്‍ നാലുപേരുടെ ജീവനെടുത്തപ്പോള്‍ ചെള്ളുപനി ബാധിച്ച് അഞ്ചുപേരാണ് മരിച്ചത്. ഇതിനുപുറമെ പനി ബാധിച്ച് ഒമ്പതുപേരും മലേറിയ മൂലം ഒരാളും മരിച്ചു. 14 പേര്‍ ചിക്കന്‍പോക്‌സ് മൂലവും മരിച്ചു.വയറിളക്ക രോഗങ്ങള്‍ ഒമ്പത് പേരുടെ ജീവനെടുത്തു. റാബിസ് ബാധിച്ച് 13 പേര്‍ മരിച്ചു. എ.ഇ.എസ് (അക്യൂട്ട് എന്‍സഫലിറ്റിസ് സിന്‍ഡ്രോം) ബാധിച്ച് രണ്ടുപേര്‍ക്കും ജീവന്‍ പൊലിഞ്ഞു. ആഗസ്റ്റില്‍ മൂന്നു ദിവസത്തിനിടെ 32,746 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )