നെന്മാറ ഇരട്ടക്കൊലപാതകം: 5 വർഷത്തെ തീരാപ്പക, സുധാകരൻ്റെ ഭാര്യയെ കൊന്നിട്ടും ഒടുങ്ങാത്ത പ്രതികാരം

 നെന്മാറ ഇരട്ടക്കൊലപാതകം: 5 വർഷത്തെ തീരാപ്പക, സുധാകരൻ്റെ ഭാര്യയെ കൊന്നിട്ടും ഒടുങ്ങാത്ത പ്രതികാരം

പാലക്കാട് നെന്‍മാറ ഇരട്ട കൊലപാതകത്തിന് പിന്നില്‍ പ്രതി ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള തീരാപ്പകയെന്ന് പോലീസ്. 5 വര്‍ഷം മുന്‍പുണ്ടായ ഭാര്യയുടെ പിണങ്ങിപ്പോക്കാണ ഇതിലേയ്‌ക്കെല്ലാം നയിച്ചത്. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സുധാകാരനും കുടുംബവുമാണെന്ന് പ്രതി സംശയിച്ചു. തുടര്‍ന്ന് 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി. ഈ കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന പ്രതി ജാമ്യത്തിിറങ്ങിയാണ് ഇരട്ടക്കൊല നടത്തിയത്.

സജിതയെ കൊന്നിട്ടും പ്രതികാരം അവസാനിച്ചില്ല. ആറ് വര്‍ഷത്തിന് ശേഷം അയാള്‍ തിരികെ എത്തി സുധാകരനെയും അമ്മ ലക്ഷിയെയും കൊലപ്പെടുത്തി. വെറും സംശയത്തിന്റെ പേരില്‍ തുടങ്ങിയ പക കാരണം നഷ്ടമായത് മൂന്ന് ജീവനുകളാണ്. ആദ്യകൊലപാതകം നടക്കുന്നതിനും ആറുമാസം മുമ്പാണ് പ്രതി ചെന്താമരാക്ഷന്റെ ഭാര്യയും മകളും പിരിഞ്ഞ് കഴിയാന്‍ തുടങ്ങിയത്. എന്നും വഴക്കുമാത്രമുള്ള കുടുംബ പശ്ചാത്തലമാണ് പ്രതിയുടേത്. കുടുംബ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം അയല്‍ക്കാരാണെന്നായിരുന്നു പ്രതിയുടെ സംശയം. കുടുംബം പിരിഞ്ഞുപോകാന്‍ കാരണവും ഇവര്‍തന്നെയാണെന്ന് പ്രതി കരുതി.

പക മനസില്‍ വെച്ച് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മൂര്‍ച്ചയുള്ള കത്തിയുമായെത്തിയാണ് 2019 ല്‍ സജിതയെ തലങ്ങും വിലങ്ങും പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. അഞ്ചുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷവും അതേ പക മനസില്‍ കൊണ്ടുനടന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായിരിക്കെ ജാമ്യത്തിലിറങ്ങിയാണ് പ്രതിയുടെ അടുത്ത ക്രൂരകൃത്യം. ജാമ്യത്തിലിറങ്ങി വന്നശേഷവും പ്രതി, കൊലപ്പെടുത്തേണ്ടവരെ സ്‌കെച്ച് ചെയ്തശേഷമായിരുന്നു കൃത്യം നടത്തിയത്.

പോലീസിന് വീഴ്ച

പ്രതി ചെന്താമരയ്ക്ക് നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യവ്യവസ്ഥയിലുണ്ടായിരുന്നത്. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്നത്. കൊല്ലപ്പെട്ട സുധാകരനും മകളും ഡിസംബര്‍ 29-ന് പരാതി നല്‍കിയിട്ടും കേസെടുക്കാത്തത് പോലീസിന്റെ വീഴ്ചയാണെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനും നടപടിയെടുത്തില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊല്ലപ്പെട്ട സുധാകരന്റെ കുടുംബവും നാട്ടുകാരും ഉള്‍പ്പെടെ കൂട്ടപ്പരാതി നല്‍കിയതിനെത്തുടര്‍ന്ന് ചെന്താമരയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ പ്രദേശത്തേക്ക് ഇനി വരരുത് എന്ന് ഇയാളെ താക്കീതുചെയ്ത് വിട്ടയക്കുകയായിരുന്നു അന്ന് പോലീസ് ചെയ്തത്. അതേസമയം,സ്ഥലത്തേക്ക് വരുന്നത് തടയുകയോ മറ്റേതെങ്കിലും നടപടി കൈക്കൊള്ളുകയോ ചെയ്തില്ല.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )