ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ നീരജ് ചോപ്ര ഇന്നിറങ്ങും
പാരീസ് ഒളിമ്പിക്സില്‍ പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഇന്നിറങ്ങും. ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടിനാണ് ഇന്ന് ഉച്ചയ്ക്ക് തുടക്കമാകുന്നത്. നീരജിന് പുറമെ ഇന്ത്യന്‍ താരം കിഷോര്‍ ജെനയും മത്സരിക്കുന്നുണ്ട്. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയിലാണ് ജന, നീരജ് ചോപ്ര ഗ്രൂപ്പ് ബിയിലും. ഉച്ചതിരിഞ്ഞ് 1.50നാണ് യോഗ്യതാ റൗണ്ടിന് തുടക്കമാകുക. നീരജിന്റെ മത്സരം മൂന്നരയ്ക്കാണ്.
87.58 മീറ്റര്‍ ദൂരമെറിഞ്ഞായിരുന്നു നീരജ് ടോക്കിയോയില്‍ സ്വര്‍ണമണിഞ്ഞത്. സീസണിലെ ഏറ്റവും മികച്ച പ്രകടനങ്ങളുടെ പട്ടികയെടുത്താല്‍ നാലാം സ്ഥാനത്താണ് നീരജ്. ദോഹ ഡയമണ്ട് ലീഗിലായിരുന്നു നീരജിന്റെ ഏറ്റവും മികച്ച പ്രകടനമുണ്ടായത്. അന്ന് 88.36 മീറ്റര്‍ എറിഞ്ഞാണ് താരം വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബിനായിരുന്നു അന്ന് സ്വര്‍ണം.
പരുക്കിനെ തുടര്‍ന്ന് ഒളിമ്പിക്സിന് തൊട്ടുമുന്‍പുള്ള ടൂര്‍ണമെന്റുകളില്‍ നിന്ന് നീരജ് വിട്ടുനിന്നിരുന്നു. ആരോഗ്യക്ഷമത പൂര്‍ണമായി വീണ്ടെടുത്തതിന് ശേഷമാണ് നീരജ് പാരീസിലെത്തുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ടോക്കിയോയ്ക്ക് ശേഷമുള്ള എല്ലാ ടൂര്‍ണമെന്റുകളില്‍ സ്വര്‍ണം അല്ലെങ്കില്‍ വെള്ളി നേടാന്‍ നീരജിന് സാധിച്ചിട്ടുണ്ടെന്നതും പ്രതീക്ഷ പകരുന്ന ഒന്നാണ്.
ടോക്കോയോയില്‍ നീരജ് സ്വര്‍ണമണിഞ്ഞപ്പോള്‍ വെള്ളി നേടിയ ചെക്ക് റിപ്പബ്ലിക്ക് താരമായ യാക്കൂബാണ് നീരജിന്റെ പ്രധാന എതിരാളികള്‍. 88.65 മീറ്ററാണ് സീസണിലെ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ജൂലിയന്‍ വെബ്ബര്‍, ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് എന്നിവരും മെഡല്‍ സാധ്യതയിലുള്ളവരാണ്.
ഏഷ്യന്‍ ഗെയിംസില്‍ നീരജിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ താരമാണ് കിഷോര്‍. 87.54 മീറ്റര്‍ എറിഞ്ഞ് അവസാന ഘട്ടം വരെ സ്വര്‍ണമെഡല്‍ സാധ്യത നിലനിര്‍ത്തിയിരുന്നു. എന്നാല്‍ നീരജ് പിന്നീട് തിരിച്ചുവരികയായിരുന്നു. ഈ പ്രകടനത്തിന് ശേഷം 80 മീറ്റര്‍ ദൂരം മറികടക്കുന്നതില്‍ താരം സ്ഥിരത പുലര്‍ത്തിയിട്ടില്ല.