നീലേശ്വരം വെടിക്കെട്ട് അപകടം: പ്രതികളുടെ ജാമ്യം റദ്ദാക്കി

നീലേശ്വരം വെടിക്കെട്ട് അപകടം: പ്രതികളുടെ ജാമ്യം റദ്ദാക്കി

കാസര്‍കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റിലായവരുടെ ജാമ്യം റദ്ദാക്കി. ജാമ്യം നല്‍കിയ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡൂഷ്യല്‍ മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയുടെ വിധിയാണ് ജില്ലാ സെഷന്‍സ് കോടതി സ്‌റ്റേ ചെയ്തത്. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ചന്ദ്രശേഖരനും ഭരതനും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ജാമ്യത്തിന് ആരുമെത്താത്തതിനാല്‍ രാജേഷിന് പുറത്തിറങ്ങാനായില്ല.

കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം ഉണ്ടായത്. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം അരങ്ങിലെത്തിയപ്പോഴായിരുന്നു സംഭവം. പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു. ഇരുന്നൂറിലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ചികിത്സയിലായിരുന്ന ഒരാള്‍ ഇന്നലെ മരിക്കുകയും ചെയ്തു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപാണ് മരിച്ചത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )