പി പി ദിവ്യക്ക് ജാമ്യം ലഭിച്ചാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് നവീൻ ബാബുവിൻ്റെ കുടുംബം
തിരുവല്ല: പി പി ദിവ്യയ്ക്ക് ഇന്ന് കോടതി ജാമ്യം അനുവദിക്കില്ലെന്ന പ്രതീക്ഷയില്‍ നവീന്‍ ബാബുവിന്റെ കുടുംബം, ജാമ്യാപേക്ഷയില്‍ നടന്ന വാദത്തില്‍ പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിനാവശ്യമായ തെളിവുകള്‍ പ്രതിഭാഗത്തിന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന പൂര്‍ണ്ണ വിശ്വാസത്തിലാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരന്‍ പ്രവീണ്‍ ബാബുവും. കൈക്കൂലി നല്‍കുന്നതിന്റെ തെളിവുകള്‍ ഇല്ലെന്നും സാഹചര്യത്തെളിവുകള്‍ മാത്രമേ ഉള്ളൂവെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
പി പി ദിവ്യയ്‌ക്കെതിരെ അച്ചടക്ക നടപടി എടുക്കാനുള്ള തീരുമാനം പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും പൂര്‍ണ്ണമായും നിയമനടപടികളില്‍ മാത്രമാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു അറിയിച്ചു. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ തീരുമാനം.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.