മാലിന്യം തള്ളിയ സംഭവം; കേരളത്തെ വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ
ചെന്നൈ: കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ കേരളത്തെ വിമർശിച്ച് വീണ്ടും ദേശീയ ഹരിത ട്രൈബ്യൂണൽ. ആശുപത്രികൾക്കെതിരെ നടപടി വൈകുന്നത് എന്തുകൊണ്ടാണെന്ന് ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ച് ചോദിച്ചു. കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളുന്നതിന്റെ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു.
ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അപ്പോൾ മറുപടി നൽകണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു. ആശുപത്രികളുടെ വിശദീകരണം തേടിയിട്ടുണ്ടെന്ന് കേരളം മറുപടി നൽകി. അതേസമയം സംഭവത്തിൽ മലയാളിയുൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ സ്വദേശിയും സ്വകാര്യ മാലിന്യ സംസ്കരണ കമ്പനി സൂപ്പർവൈസറുമായ നിധിൻ ജോർജ്, ലോറി ഉടമ ചെല്ലദുരൈ, സദാനന്ദൻ എന്നിവരെയാണ് സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും ഉള്ളൂർ ക്രെഡൻസ് ആശുപത്രിയിലെയും മാലിന്യമാണ് പ്രതികൾ തിരുനെൽവേലിയിൽ കൊണ്ടുപോയി തള്ളിയത്.