കനത്ത മഴയിൽ മുങ്ങി മുംബൈ; ട്രെയിനുകൾ റദ്ദാക്കി, സ്കൂളുകൾക്ക് അവധി
കനത്ത മഴയില്‍ മുങ്ങി മുംബൈ നഗരം. പല പ്രദേശങ്ങളും വെള്ളത്തിനയിലാണ്. ഗതാഗത കുരുക്കും വ്യാപമാണ്. നിര്‍ത്താതെ മഴ പെയ്യുന്ന സാഹചര്യമാണ് നിലവില്‍ മുംബൈയില്‍ ഉള്ളത്. റെയില്‍വേ ട്രാക്കുകളില്‍ വെള്ളക്കെട്ട് രൂപ്പെട്ടതിനാല്‍ ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി വച്ചു. സ്‌കുളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയിലും കാറ്റിലും ട്രാക്കില്‍ മരം വീണു. കല്യാണ്‍-കാസറ സെക്ഷനിലെ ഖദാവ്ലിക്കും ടിറ്റ്വാലയ്ക്കും ഇടയിലുള്ള ലോക്കല്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കനത്ത മഴ തുടരുമെന്നാണ് പ്രവചനം. പുലര്‍ച്ചെ 1 മുതല്‍ രാവിലെ 7 വരെയുള്ള ആറ് മണിക്കൂറിനുള്ളില്‍ നഗരത്തില്‍ പെയ്തിറങ്ങിയത് 300 മില്ലിമീറ്ററിലധികം മഴയാണ്.
അന്ധേരി, കുര്‍ള, ഭാണ്ഡൂപ്പ്, കിംഗ്‌സ് സര്‍ക്കിള്‍, വിലെ പാര്‍ലെ, ദാദര്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു.
സ്‌കൂളുകള്‍ അടച്ചു: പൗരസമിതിയുടെ അധികാരപരിധിയിലുള്ള സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ബിഎംസി അര്‍ദ്ധ ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞുള്ള ക്ലാസുകളുടെ തീരുമാനം പിന്നീട് അറിയിക്കും. കനത്ത മഴ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളും ബെസ്റ്റ് ബസ് സര്‍വീസുകളും തടസ്സപ്പെടുത്തി. നിരവധി ബെസ്റ്റ് ബസുകള്‍ അവയുടെ പതിവ് റൂട്ടുകളില്‍ നിന്ന് വഴിതിരിച്ചുവിട്ടതായി അധികൃതര്‍ പറഞ്ഞു.
ട്രെയിനുകള്‍ റദ്ദാക്കി: MMR-CSMT (12110), പൂനെ-CSMT (11010), പൂനെ-CSMT ഡെക്കാന്‍ (12124), പൂനെ-CSMT ഡെക്കാന്‍ (11007), CSMT-പൂണെ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12127) ട്രെയിനുകള്‍ സെന്‍ട്രല്‍ റെയില്‍വേ റദ്ദാക്കി. ട്രാക്കുകളില്‍ നിന്ന് വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ച് പിന്നീട് പുനരാരംഭിച്ചു