മഴയിൽ മുങ്ങി മുംബൈ: നാലു മരണം
മുംബൈ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അവധി പ്രഖ്യാപിച്ചു. അതേസമയം മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ നാലുപേര്‍ മരിച്ചു. ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്താര തുടങ്ങിയ എയര്‍ലൈനുകളുടേതുള്‍പ്പെടെ പതിനാലോളം സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. എന്നാല്‍ ഇന്നും കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്.
പുണെ, താനെ, റായ്ഗഡ്, രത്‌നാഗിരി എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടും പാല്‍ഘറില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അപ്രതീക്ഷിത മഴയില്‍ ട്രാക്കില്‍ വെള്ളം പൊങ്ങിയതിനെത്തുടര്‍ന്ന് മധ്യ റെയില്‍വേയിലെ മെയിന്‍ ലൈനില്‍ ഗതാഗതം തടസ്സപ്പെട്ടു. മറ്റെല്ലാ ലൈനുകളിലും ലോക്കല്‍ ട്രെയിനുകള്‍ വൈകി.
ക
കനത്ത മഴ പെയ്തത് കഴിഞ്ഞ ദിവസം വൈകിട്ടാണ്. ഇതോടെ നഗരത്തിലുള്ള സാധാരണക്കാരെല്ലാം റെയില്‍വേ സ്റ്റേഷനുകളിലെത്താനും ഷെയര്‍ ഓട്ടോയും ടാക്‌സിയും ഒന്നും കിട്ടാതെയും ആകെ വലഞ്ഞു. അപ്രതീക്ഷിതമായ് മിന്നലോടു കൂടി വന്ന മഴ വൈകിട്ട് നാലോടെയാണ് ശക്തി പ്രാപിച്ചത്. പിന്നാലെ റോഡുകളെല്ലാം വെള്ളക്കെട്ടായി. മുളുണ്ട്, ഭാണ്ഡൂപ് മേഖലകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അന്ധേരി സബ്വേയും ഏറെ നേരം അടച്ചിട്ടു. താനെ, നവിമുംബൈ, വസായ് മേഖലകളിലും കനത്ത മഴ പെയ്തു. സിന്ധുദുര്‍ഗ്, പാല്‍ഘര്‍ മേഖലകളിലും, രത്‌നാഗിരിയിലും ഇനിയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
വസായ് മേഖലയില്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന മഴയെത്തുടര്‍ന്ന് റോഡുകളില്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മുംബൈ അഹമ്മദാബാദ് ദേശീയപാത, ചിന്‍ചോട്ടിഭിവണ്ടി റോഡ്, താനെ ഗോഡ്ബന്ദര്‍ റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് കാരണം മണിക്കൂറുകള്‍ നീണ്ട ഗതാഗതാക്കുരുക്ക് ഉണ്ടായി. അതേസമയം വിളവെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പെയ്ത കനത്ത മഴയില്‍ ഗ്രാമീണ മേഖലകളില്‍ വലിയ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തു.