‘പുഴുവരിച്ച അരി റവന്യൂ വകുപ്പ് നൽകിയതല്ല’; കണക്ക് പുറത്തുവിട്ട് മന്ത്രി, പരിശോധിക്കുമെന്നും ഉറപ്പ്

‘പുഴുവരിച്ച അരി റവന്യൂ വകുപ്പ് നൽകിയതല്ല’; കണക്ക് പുറത്തുവിട്ട് മന്ത്രി, പരിശോധിക്കുമെന്നും ഉറപ്പ്

വയനാട്: ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരിയും മറ്റ് ഭഷ്യവസ്തുക്കളും വിതരണം ചെയ്തത് ഞെട്ടിക്കുന്ന സംഭവമെന്ന് മന്ത്രി കെ രാജന്‍. വിഷയം ഗൗരവമായി പരിശോധിക്കുമെന്നും റവന്യൂ വകുപ്പ് നല്‍കിയ അരിയല്ല ഇതെന്നും മന്ത്രി പറഞ്ഞു. വിവാദം കൊടുമ്പിരികൊണ്ടിരിക്കെ റവന്യൂ വകുപ്പ് നല്‍കിയ അരിയുടെ കണക്കുകളെല്ലാം മന്ത്രി പുറത്തുവിട്ടു. ഇതനുസരിച്ച് ഭക്ഷ്യയോഗ്യമല്ലാത്ത അരി റവന്യൂ വകുപ്പ് വിതരണം ചെയ്തതല്ല എന്ന് മന്ത്രി പറഞ്ഞു. ഒരുപക്ഷെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അവ ഇപ്പോള്‍ കൊടുത്തതാകാമെന്നും, സംഭവത്തില്‍ ഗൗരവതരമായ പരിശോധന ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും അവസാനം അരി വിതരണം ചെയ്തത് ഏഴ് സ്ഥാപനങ്ങള്‍ക്കാണ്. മറ്റ് ഒരു സ്ഥാപനങ്ങളില്‍ നിന്നും ഇങ്ങനെ ഒരു പരാതിയുണ്ടായിട്ടില്ല. ചാക്കില്‍ നിന്ന് അരി കവറിലേക്ക് മാറ്റിയതാണെങ്കില്‍ അപ്പോള്‍ തന്നെ അവ കാണേണ്ടതല്ലേ എന്നും മന്ത്രി ചോദിച്ചു. അവസാനം സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യവസ്തുക്കളില്‍ റവയും മൈദയുമില്ല. അങ്ങനെയങ്കില്‍ ഇപ്പോള്‍ കൊടുത്തവ മുന്‍പ് നല്‍കിയതോ മറ്റോ ആയിരിക്കണമെന്നും മന്ത്രി പറഞ്ഞു.

മേപ്പാടി പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്. സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നല്‍കിയ കിറ്റുകളാണ് ദുരന്തബാധിതര്‍ക്ക് നല്‍കിയതെന്നാണ് പഞ്ചായത്തിന്റെ വാദം. ഇവ കളയാതെ വീട്ടിലെ മൃഗങ്ങള്‍ക്ക് നല്‍കാമെന്ന് നോക്കിയാല്‍ അതിന് പോലും സാധ്യമല്ലെന്ന് ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചവര്‍ പറയുന്നു. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ഇവര്‍ക്ക് ലഭിച്ചത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )