എഎംഎംഎ താത്ക്കാലിക സമിതി യോഗം വിളിച്ച് മോഹന്‍ലാല്‍

എഎംഎംഎ താത്ക്കാലിക സമിതി യോഗം വിളിച്ച് മോഹന്‍ലാല്‍

കൊച്ചി: വിവാദങ്ങള്‍ക്കിടെ എഎംഎംഎ താത്ക്കാലിക സമിതി യോഗം വിളിച്ച് മോഹന്‍ലാല്‍. നാളെയോ മറ്റന്നാളോ ഓണ്‍ലൈന്‍ വഴി യോഗം ചേരുമെന്നാണ് വിവരം. ഭരണസമിതി പിരിച്ച് വിട്ട് മൂന്ന് മാസത്തിനുള്ളില്‍ ജനറല്‍ ബോഡി ചേര്‍ന്ന് പുതിയ ഭരണസമിതിയെ കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചതെന്നാണ് സൂചന. അതേസമയം, എഎംഎംഎ താത്ക്കാലിക സമിതി യോഗം വിളിച്ചതായി നടന്‍ വിനു മോഹന്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ എഎംഎംഎയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ എഎംഎംഎ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു. താത്ക്കാലിക സമിതി തുടരുമെന്നാണ് അന്ന് എഎംഎംഎ അംഗങ്ങള്‍ അറിയിച്ചത്. ഇതിന് ശേഷം ആദ്യമായാണ് താത്ക്കാലിക ഭരണ സമിതി യോഗം ചേരുന്നത്. പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി ഈ യോഗത്തില്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്.

അതേസമയം, രാജിവെച്ച സിദ്ദിഖിന് പകരം മറ്റൊരാളെ കണ്ടെത്തി മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ഭരണ സമിതി തുടരണം എന്നാണ് താത്ക്കാലിക സമിതി അംഗങ്ങളുടെ അഭിപ്രായം. എന്നാല്‍ മോഹന്‍ലാല്‍ ഇതിനോട് അതൃപ്തി അറിയിച്ചതായാണ് വിവരം. ഇതോടെ പുതിയ ഭരണസമിതിയെ കണ്ടെത്തുകയാണ് താത്ക്കാലിക സമിതിക്ക് മുന്നിലുള്ള വഴി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )