കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി; നാടുവിട്ടത് മാനസിക പ്രയാസം മൂലമെന്ന് പ്രതികരണം
മലപ്പുറം: കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ബി ചാലിബ് വീട്ടില്‍ തിരിച്ചെത്തി. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് ചാലിബ് വീട്ടില്‍ തിരിച്ചെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാട് വിട്ടത് എന്നാണ് ചാലിബ് പറഞ്ഞതെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം ചാലിബുമായി ഭാര്യ സംസാരിച്ചിരുന്നു.. 38 മണിക്കൂറിന് ശേഷമാണ് ചാലിബിന്റെ ഫോൺ ഓണായത്. തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും മാനസിക പ്രയാസങ്ങൾ നേരിടുന്നുവെന്നും മാത്രമാണ് പറഞ്ഞതെന്നും ബന്ധു റിപ്പോർട്ടറിനോട് പറഞ്ഞു. താൻ തിരിച്ചുവരുമെന്നും ബസ് സ്റ്റാന്റിലാണ് നിലവിലുള്ളതെന്നും സുരക്ഷിതനാണെന്നും ചാലിബ് പറഞ്ഞു. ഇതിന് പിന്നാലെ ഫോൺ വീണ്ടും സ്വിച്ച് ഓഫ് ആയി.
കേരളത്തിന് പുറത്തുള്ള പ്രദേശത്ത് നിന്നാണ് ചാലിബ് സംസാരിച്ചതെന്നാണ് കുടുംബം പറയുന്നത്. ഫോണിൽ സംസാരിക്കുന്നതിനിടെ മറ്റ് ഭാഷയിൽ നിരവധി പേർ സംസാരിക്കുന്നത് കേൾക്കാമായിരുന്നുവെന്നും ബന്ധു പറഞ്ഞു. ഫോണിൽ വിളിച്ച ശേഷം ഭാര്യയോട് മാത്രമാണ് സംസാരിച്ചത്. ബന്ധു പ്രദീപ് ഫോൺ വാങ്ങി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കോൾ കട്ടാക്കുകയായിരുന്നു,.