മഞ്ചേരിയിൽ കുളത്തിൽ വീണ് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം ക്വാറിയിൽ കണ്ടെത്തി
മലപ്പുറം മഞ്ചേരിയിൽ ക്വാറിയിലെ കുളത്തിൽ വീണ് കാണാതായാളുടെ മൃതദേഹം കണ്ടെത്തി. മഞ്ചേരി പയ്യനാട് പ്രവർത്തിക്കുന്ന ക്വാറിയിലെ തൊഴിലാളിയാണ് കാണാതായത്. ഒഡിഷ സ്വദേശി ദിഷക്ക് മാണ്ഡ്യക എന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.
കുളത്തിൽ വീണ് ദിഷക്കിനെ കാണാതായതോടെ ഫയർഫോഴ്സ് തിരച്ചിൽ ആരംഭിച്ചിരുന്നു. മൃതദേഹം കണ്ടെത്താൻ ആകാഞ്ഞതോടെ സ്കൂബാ ടീം തിരച്ചിൽ ആരംഭിച്ചു. ഈ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം അരീക്കോട് ക്വാറിയിൽ കുറച്ച് ദിവസം മുൻപാണ് രണ്ട് കുട്ടികൾ വീണത്. ചികിത്സയിലിരിക്കെ കുട്ടികൾ മരിച്ചിരുന്നു.
സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ക്വാറികളിൽ അത്രയേറെ അപകടങ്ങളാണ് പതിയിരിക്കുന്നത്. കുനിയിൽ മുടിക്കപ്പാറയിലെ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണാണ് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റത്. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.