മീരാഭായ്ക്കും അവിനാഷ് സാബ്‌ലെക്കും നിരാശ; പാരീസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നഷ്ടം
പാരീസ്: വിനേഷ് ഫോഗട്ടിന്‍റെ മെഡല്‍ നഷ്ടത്തിന്‍റെ നിരാശക്ക് പിന്നാലെ പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് വീണ്ടും നഷ്ട്ടം. വനിതകളുടെ ഭാരദ്വോഹനത്തില്‍ 49 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മീരാഭായ് ചാനു നാലാം സ്ഥാനത്തായി.ടോക്കിയോ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവാണ് മീരാഭായ് ചാനു.
സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 199 കിലോ ഭാരം ഉയർത്താനെ മീരാഭായിക്ക് കഴിഞ്ഞുള്ളൂ.206 കിലോ ഭാരം ഉയർത്തിയ ചൈനീസ് താരം സുഹി ഹൗ ഒളിംപിക്സ് റെക്കോർഡോടെ സ്വർണം നേടിയപ്പോള്‍ 205 കിലോ ഭാരമുയർത്തിയ റുമാനിയൻ താരം മിഹൈല വാലന്‍റീന കാംബൈ വെള്ളിയും 200 കിലോ ഭാരത്തോടെ തായ്‌ലൻഡിന്‍റെ സുരോദ്‌ചന കാംബാവോ വെങ്കലവും നേടി.ടോക്കിയോയിൽ 202 കിലോ ഭാരം ഉയർത്തിയാണ് മീരാഭായ് വെള്ളി നേടിയത്.പാരീസ് ഒളിംപിക്സിൽ നാലാം സ്ഥാനത്തെത്തുന്ന ആറാമത്തെ ഇന്ത്യൻതാരമാണ് മീരാഭായ് ചാനു.
പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ ഇന്ത്യയുടെ അവാനിശ് സാബ്ലേ പതിനൊന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.പതിനാറ് താരങ്ങളാണ് ഫൈനലിൽ മത്സരിച്ചത്. ആദ്യത്തെ ഒന്നര ലാപ്പിൽ മുന്നിട്ട് നിന്നെങ്കിലും പിന്നീട് എതിരാളികൾ സാബ്ലേയെ മറികടന്നു. മൊറോക്കോയുടെ സൂഫിയാൻ എൽ ബക്കാലി സ്വർണം നിലനിർത്തി.1936ന് ശേഷം ആദ്യമായാണ് സ്റ്റീപ്പിൾ ചെയ്സിൽ ഒരുതാരം തുടർച്ചയായ രണ്ട് ഒളിംപിക്സിൽ സ്വർണം നേടുന്നത്. നേരത്തെ ഹീറ്റ്സില്‍ 8.15.43 സെക്കൻഡില്‍ ഫിനിഷ് ചെയ്ത് അഞ്ചാമനായാണ് സാബ്ലെ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമായത്.
പാരീസില്‍ സുവര്‍ണ പ്രതീക്ഷകളുമായി തുടങ്ങിയ ഇന്ത്യക്ക് ഇന്നലെ നിരാശകളുടെ ദിനമായിരുന്നു. ആദ്യം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടു. പിന്നാലെ ഗുസ്തിയില്‍ അങ്കിത് പങ്കല്‍ പുറത്തായി. ഒടുവില്‍ മീരാഭായ് ചാനുവും അവിനാശ് സാബ്ലെയും മെഡലില്ലാതെ മടങ്ങി. ഇന്ന് നീരജ് ചോപ്രയിലൂടെയാണ് ഇന്ത്യ പാരീസിലെ ആദ്യ സ്വര്‍ണം പ്രതീക്ഷിക്കുന്നത്. ഹോക്കിയില്‍ ഇന്ത്യക്കിന്ന് വെങ്കല മെഡല്‍ പോരാട്ടവുമുണ്ട്. സ്പെയിനാണ് എതിരാളികള്‍.