നെടുമ്പാശേരി വിമാനത്താവളത്തില്‍ ഉടമസ്ഥരില്ലാത്ത വസ്തുക്കള്‍ ലേലത്തിന്
കൊച്ചി: ഐഫോണ്‍ മുതല്‍ പുസ്തകങ്ങള്‍ വരെ, ഉടമസ്ഥരില്ലാത്ത 202 വസ്തുക്കളാണ് നാളെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ലേലത്തിന് വയ്ക്കുക. ഇത് സംബന്ധിച്ച വിജ്ഞാപനം വിമാനത്താവള അധികൃതര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഐഫോണ്‍ 12 പ്രോമാക്‌സ്, ഐഫോണ്‍ 12 പ്രോമാക്‌സ് ഗോള്‍ഡ്, ഐഫോണ്‍ 11 പ്രോ മാക്‌സ്, മാക്ബുക് പ്രോ, 13 ഇഞ്ചുള്ള മാക്ബുക് എയര്‍, 16 ഇഞ്ചിന്റെ മാക്ബുക് പ്രോ, എയര്‍പോഡ്‌സ്, വിവിധ ബ്രാന്‍ഡുകളുടെ
ഹെഡ്‌ഫോണുകള്‍, ക്യാമറ, വാച്ചുകള്‍, ചാര്‍ജര്‍, മൗസ്, കീബോര്‍ഡ്, ബൈബിളും ക്രിസ്മസ് കാര്‍ഡുകള്‍ തുടങ്ങിയ വസ്തുക്കളാണ് ലേലത്തിന് വെയ്ക്കുക.ഷൂ, ജാക്കറ്റ്, ബാഗുകള്‍, ടൈ, ബാറ്ററി, പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍, കത്തികള്‍, കീ ചെയിനുകള്‍, സോപ്പ്, തുണിത്തരങ്ങള്‍, പലതരം വീട്ടുപകരണങ്ങള്‍, തുടങ്ങിയ വസ്തുക്കളും ലേലത്തിനുണ്ട്.
സാധനങ്ങളുമായി എത്തുന്നവര്‍ പലപ്പോഴും വലിയ തോതില്‍ കസ്റ്റംസ് നികുതി അടയ്‌ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഉപേക്ഷിച്ചു പോയതാണ് ഇതില്‍ ഭൂരിഭാഗം വസ്തുക്കളും.സാധനങ്ങളുടെ വിലവിവരമുള്ള ബില്ലുകള്‍, സാധനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തുടങ്ങിയവയും സാധനങ്ങള്‍ക്കൊപ്പം ലഭ്യമാണ്. 17ന് ഉച്ച വരെയാണ് ടെന്‍ഡര്‍ സ്വീകരിക്കുന്നത്. കൊച്ചി വിമാനത്താവളത്തിന്റെ കൊമേഴ്‌സ്യല്‍ വിഭാഗത്തില്‍ വച്ച് 2 മണിക്ക് ശേഷം ലേല നടപടികള്‍ ആരംഭിക്കും.