മന്‍സൂര്‍ അലിഖാന്റെ മകന്‍ മയക്കുമരുന്ന് വില്‍പ്പനയിൽ അറസ്റ്റിൽ
ചെന്നൈ: മയക്കുമരുന്ന് കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന്റെ മകന്‍ അലിഖാന്‍ തുഗ്ലഖ് അറസ്റ്റില്‍. ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്. ചെന്നൈ തിരുമംഗലം പോലീസ് ആണ് തുഗ്ലഖിനെ അറസ്റ്റ് ചെയ്തത്
അടുത്തിടെ ലഹരിയുമായി 10 കോളേജ് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണമാണ് തുഗ്ലഖിനെ അറസ്റ്റിന് കാരണം ആയത്. സംസ്ഥാനത്തെ പ്രധാന ലഹരിക്കടത്ത് സംഘത്തിലെ അംഗമാണ് തുഗ്ലഖ് എന്നാണ് പോലീസ് നല്‍കുന്ന വിവരം.
ഇന്നലെ രാവിലെയോടെയാണ് തുഹ്ലഖ് അറസ്റ്റിലായത്. ഇയാള്‍ക്ക് പുറമേ ഇതേ കേസില്‍ ഏഴ് പേരും പിടിയിലായിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ കസ്റ്റഡിയില്‍ എടുക്കുകയാണ് പോലീസ് ആദ്യം ചെയ്തത്. ഇതിന് ശേഷം ഇവരെ ചോദ്യം ചെയ്തു. 12 മണിക്കൂര്‍ നേരമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്.
ഈ വേളയില്‍ തുഗ്ലഖിന്റെ ഫോണ്‍ അന്വേഷണ സംഘം പരിശോധനയ്ക്ക് വിധേയം ആക്കിയിരുന്നു. ഇതില്‍ നിന്നും തുഗ്ലഖിന് ലഹരിമരുന്ന് ഇടപാടുകാരുമായുള്ള ബന്ധം വ്യക്തമാകുകയായിരുന്നു. ഇതേ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്