ആണ്‍സുഹൃത്തിനൊപ്പമിരുന്ന 19കാരിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി; തന്ത്രപരമായ നീക്കത്തിലൂടെ യുവാവ് അറസ്റ്റില്‍
ശാസ്താംകോട്ട: പൊലീസ് ചമഞ്ഞ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം നടന്നത്. കൊല്ലം പെരിനാട് കടവൂര്‍ സ്വദേശിയും സുഗന്ധ വ്യഞ്ജനത്തൈ വ്യാപാരിയുമായ വിഷ്ണുലാല്‍ (34) ആണ് അറസ്റ്റിലായത്. ആണ്‍സുഹൃത്തുമൊത്ത് ശാസ്താംകോട്ട തടാകതീരത്ത് ഇരിക്കുകയായിരുന്ന പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 19കാരിയെ പൊലീസ് എന്നു പറഞ്ഞാണ് വിഷ്ണുലാല്‍ തട്ടിക്കൊണ്ടുപോയത്. ശാസ്താംകോട്ട പൊലീസിന്റെയും പിങ്ക് പൊലീസിന്റെയും തന്ത്രപരമായ ഇടപെടലിലാണ് ഇയാള്‍ അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മലപ്പുറം സ്വദേശിയായ യുവാവും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയും സംസാരിച്ചിരിക്കെയാണ് പൊലീസെന്ന് പറഞ്ഞ് വിഷ്ണുലാല്‍ അവിടേയ്ക്ക് എത്തിയത്. ഇരുവരോടും ഇയാള്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡ് പരിശോധിച്ചശേഷം സമീപത്തുള്ള ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. യുവാവിനോട് നടന്നുവരാനും പെണ്‍കുട്ടിയോട് കാറില്‍ കയറാനുമാണ് ആവശ്യപ്പെട്ടത്. ഇതിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയുമായി കടന്നു കളഞ്ഞു. യുവാവ് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി ശാസ്താംകോട്ട പൊലീസ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശം അയച്ചു.
കാക്കി സോക്‌സ് ധരിച്ച ഒരാള്‍ രാവിലെ മുതല്‍ തടാകതീരത്ത് ഉണ്ടായിരുന്നെന്നും അയാള്‍ പിങ്ക് പൊലീസുമായി സംസാരിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പിങ്ക് പൊലീസ് വിഷ്ണുലാലിനെ ബന്ധപ്പെട്ട് തന്ത്രപരമായി വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. പലയിടത്തും കാറില്‍ കറക്കിയശേഷം കടപുഴ പാലത്തിന് സമീപം യുവതിയെ ഇറക്കിവിട്ടതായി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി അവിടെ എത്തിയെന്ന് ഉറപ്പിച്ചു. ഉപദ്രവിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് വിഷ്ണുലാലിനെതിരെ കേസെടുത്തു.