മല്ലു ഹിന്ദു വാട്‌സ്ആപ് ഗ്രൂപ്പ്; കെ.ഗോപാലകൃഷ്ണന്‍ പല തവണ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു; അടിമുടി ദുരൂഹതയെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്
മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ കെ.ഗോപാലകൃഷ്ണന്റെ ഉദ്ദേശം ദുരൂഹമെന്ന് വ്യക്തമാക്കി പൊലീസ്. സര്‍ക്കാരിന് കൈമാറിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു. കെ.ഗോപാലകൃഷ്ണന്റെ പ്രവര്‍ത്തികളില്‍ അടിമുടി ദുരൂഹതയെന്ന് റിപ്പോര്‍ട്ടില്‍ അക്കമിട്ട് പറയുന്നു. ഗോപാലകൃഷ്ണന്റെ പരാതി സത്യമെന്നു തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും പോലീസ് പറയുന്നു. ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതില്‍ അടിമുടി ദുരൂഹതയെന്നും പൊലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒക്ടോബര്‍ 31ന് ഫോണ്‍ ഹാക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാതിയും മൊഴിയും. പോലീസ് അന്വേഷണത്തില്‍ ഒക്ടോബര്‍ 31ന് അല്ല ഹാക്ക് ചെയ്തതെന്ന് കണ്ടെത്തി.
ഗോപാലകൃഷ്ണന്‍ പരാതി നല്‍കിയ നവംബര്‍ 4 ന് പോലീസ് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നവംബര്‍ 5ന് ഗോപാലകൃഷ്ണന്‍ നല്‍കിയത് വാട്ട്സ് ആപ്പ് ഉപയോഗിക്കാത്ത ഫോണ്‍ ആയിരുന്നു. പിന്നീട് നവംബര്‍ 6ന് യഥാര്‍ത്ഥ ഫോണ്‍ കൈമാറി. ആദ്യം ഫോണ്‍ ഫോര്‍മാറ്റ് ചെയ്തത് പൊലീസില്‍ പരാതി നല്‍കിയതിന് തലേദിവസമായ 3ാം തിയതിയായിരുന്നു. പിന്നാലെ നവംബര്‍ 6ന് ഫോണ്‍ ഹാജരാക്കുന്നതിനു മുന്‍പ് രാവിലെ രണ്ടു തവണ ഫോര്‍മാറ്റ് ചെയ്തു. ഫോറന്‍സിക് പരിശോധനയ്ക്ക് മുന്‍പേ പല തവണ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്നു പൊലീസ് വ്യക്തമാക്കുന്നു.
ഹാക്കിങ് തെളിയിക്കുന്ന തരിമ്പ് തെളിവ് പോലുമില്ലെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടാണ് സംസ്ഥാന പോലീസ് മേധാവി ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. വ്യാജ പരാതി നല്‍കി തെറ്റിദ്ധരിപ്പിച്ചത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചീഫ് സെക്രട്ടറിയുടെ ചാര്‍ജ് മെമ്മോയില്‍ നിന്നും ഒഴിവാക്കിയിരുന്നു.