‘പുറത്ത് കടലാസ് ചോർച്ച, അകത്ത് വെള്ളച്ചോർച്ച’; തെരഞ്ഞെടുപ്പിനുശേഷം പാർലമെന്റ് ആടിയുലഞ്ഞെന്ന് മഹുവ മൊയ്ത്ര
ന്യൂഡൽഹി: പുതിയ പാർലമെന്റിലെ ചോർച്ചയിൽ വട്ടംവലഞ്ഞിരിക്കുകയാണ് മോദി സർക്കാർ. പ്രതിപക്ഷത്തു നിന്നടക്കം കണക്കിനു പരിഹാസമാണ് സർക്കാർ നേരിടുന്നത്. പുതിയ പാർലമെന്റ് ലോബിയിൽ വെള്ളം ചോരുന്നുവെന്നും ഈ കെട്ടിടം നരേന്ദ്രമോദിയുടെ അഹങ്കാരത്തിന്റെ ഭീമാകാരമായ പ്രതീകമായിട്ടുപോലും 2024ലെ ലോക്‌സഭ ഫലത്തിനുശേഷം അത് ആടിയുലഞ്ഞിരിക്കുകയാണെന്നും മഹുവ മൊയ്ത്ര പറഞ്ഞു.
‘പുറത്ത് കടലാസ് ചോർച്ച, അകത്ത് വെള്ള ചോർച്ച’ എന്ന് കോൺഗ്രസ് എം.പി മാണിക്കം ടാഗോർ എക്‌സിൽ ഇട്ട പോസ്റ്റിൽ പരിഹസിച്ചു. പൂർത്തിയായി കേവലം ഒരു വർഷത്തിനുശേഷം രാഷ്ട്രപതി ഉപയോഗിക്കുന്ന പാർലമെന്റ് ലോബിയിൽ വെള്ളം ചോർന്നത് പുതിയ കെട്ടിടത്തിന്റെ കാലാവസ്ഥാ പ്രതിരോധത്തിലെ പ്രശ്‌നങ്ങൾ എടുത്തുകാണിക്കുന്നുവെന്നും എം.പി എഴുതി.
കനത്ത മഴയെത്തുടർന്ന് മേൽക്കൂരയിൽനിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം ശേഖരിക്കാൻ പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ലോബിയിൽ താഴികക്കുടത്തിനുതാഴെ തറയിൽ പ്ലാസ്റ്റിക് ബക്കറ്റ് സ്ഥാപിച്ച വിഡിയോയും ടാഗോർ തന്റെ പോസ്റ്റിനൊപ്പം പങ്കുവെച്ചു.
‘ബി.ജെ.പി സർക്കാരിന്റെ കീഴിൽ നിർമിച്ച പുതിയ പാർലമെന്റിന്റെ മേൽക്കൂരയിൽനിന്നും വെള്ളം ഒഴുക്കുന്നത് നന്നായി ആലോചിച്ച് രൂപകൽപന ചെയ്തതിന്റെ ഭാഗമാണോ അതോ…’ എന്നായിരുന്നു അഖിലേഷിന്റെ പോസ്റ്റ്. ‘വെള്ളം ഒഴുക്കൽ പരിപാടി പുരോഗമിക്കുന്നു’ വെന്നും പഴയ പാർലമെന്റ് കെട്ടിടത്തിലേക്ക് മാറാൻ നിർദേശിച്ചുകൊണ്ട് എസ്.പി നേതാവ് സർക്കാരിനെ പരിഹസിച്ചു.