മധു മുല്ലശ്ശേരി ബിജെപിയിൽ ചേരും; കെ സുരേന്ദ്രൻ നാളെ മെമ്പർഷിപ്പ് നൽകും
തിരുവനന്തപുരം: സിപിഐഎം മുൻ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്. നാളെ രാവിലെ 10.30 ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനിൽ നിന്നും ബിജെപി മെമ്പർഷിപ്പ് ഏറ്റുവാങ്ങുമെന്ന് മധു മുല്ലശ്ശേരി വ്യക്തമാക്കി.വ്യക്തമായി ആലോചിച്ച ശേഷമാണ് ബിജെപിയിൽ അംഗത്വമെടുക്കുന്നത്. ബിജെപി സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബിജെപി അംഗത്വമെടുക്കുന്നതെന്നും മധു വ്യക്തമാക്കി. നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങൾ വലുത്. ഇന്ത്യയുടെ വളർച്ചയും വലുതാണ്. മകൻ ഉൾപ്പെടെ കുടുംബം തന്നോടൊപ്പം ഉണ്ടെന്നും മധു കൂട്ടിച്ചേർത്തു.
നിരവധി പാർട്ടി പ്രവർത്തകരും പാർട്ടി അംഗങ്ങളും തന്നോടൊപ്പം വന്നിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ നാളെ സംസാരിക്കാമെന്നും മധു പറഞ്ഞു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളും സെക്രട്ടറിയേറ്റ് അംഗങ്ങളും തന്നെ വിളിച്ചിരുന്നുവെന്നും മധു വെളിപ്പെടുത്തി. സമ്മേളനത്തിൽ നിന്ന് ഇറങ്ങി വന്നാൽ അപ്പോൾ തന്നെ പുറത്താക്കുന്ന രീതിയല്ലേ മുൻപ് പാർട്ടിയിൽ ഉണ്ടായിരുന്നത്. ആ കാലം ഒക്കെ മാറിപ്പോയി. ഒന്നാഞ്ഞു പിടിച്ചാൽ ചിറയിൻകീഴ് മണ്ഡലം ബിജെപി നേടുമെന്നും അതിനുള്ള പ്രവർത്തനമാണ് താൻ ഇനി നടത്തുകയെന്നും മധു വ്യക്തമാക്കി.
സിപിഐഎം തന്നോട് കാണിച്ചത് അവഗണനയാണെന്നും മധു കുറ്റപ്പെടുത്തി. ഇന്നലെവരെ തനിക്കെതിരെ ഒരു സാമ്പത്തിക ആരോപണവും പറഞ്ഞില്ല. ഏരിയ സെക്രട്ടറി ആവണം എന്ന് താൽപ്പര്യമില്ലായിരുന്നെന്നും. ഏരിയ സെക്രട്ടറി ആയാലും താൻ മാറുമായിരുന്നുവെന്നും മധു വ്യക്തമാക്കി. പാർട്ടി വിടും എന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും മധു പറഞ്ഞു. ബി ജെ പി നേതാക്കൾ മധുവിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും മധുവിന്റെ വീട്ടിലെത്തി.
42 വർഷം പ്രസ്ഥാനത്തിനുവേണ്ടി നിന്നിട്ട് തന്നെ ഒന്നുമല്ലാതാക്കിക്കളഞ്ഞുവെന്നും താൻ പോയാൽ മകൻ മാത്രമല്ല, ഒരു വിഭാഗം ആളുകൾ ഒപ്പം വരുമെന്നും അദ്ദേഹം നേരത്തെ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. മോദിയുടെ പ്രവർത്തനങ്ങൾ കൊണ്ട് വലിയ മാറ്റങ്ങളാണ് ഇന്ത്യയിൽ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.