ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം: ആന്ധ്രാപ്രദേശ് ഹൈക്കോടതി
അമരാവതി: ലെസ്ബിയൻ പങ്കാളികൾ പ്രായപൂർത്തിയായവരാണെന്നും, ആരുടെയൊപ്പം ജീവിക്കണമെന്ന് അവർക്ക് തീരുമാനിക്കാമെന്നും ആന്ധ്രാപ്രദേശ് ഹൈക്കോടതി പറഞ്ഞു. ലെസ്ബിയൻ പങ്കാളികൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതിയുടെ വിധി. ലെസ്ബിയൻ ദമ്പതികളിലൊരു യുവതിയെ സമ്മതമില്ലാതെ പിതാവ് നർസിപട്ടണത്തെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് കാട്ടിയായിരുന്നു ഹർജി.
എന്നാൽ മകൾ പ്രായപൂർത്തിയായതാണെന്നും, അവരുടെ ഇഷ്ടത്തിലും, ദമ്പതികളുടെ ബന്ധത്തിൽ ഇടപെടരുതെന്നും ജസ്റ്റിസുമാരായ ആർ രഘുനന്ദൻ റാവു, കെ മഹേശ്വര റാവു എന്നിവരുൾപ്പെട്ട ബെഞ്ച് മാതാപിതാക്കൾക്ക് നിർദേശം നൽകി. കഴിഞ്ഞ ഒരു വർഷമായി വിജയവാഡയിൽ ഒരുമിച്ചു താമസിക്കുകയായിരുന്നു ഇവർ.
നേരത്തെ ദമ്പതികളിലൊരാളുടെ മിസ്സിങ് പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ്, മറ്റേ യുവതി പിതാവിന്റെ വീട്ടിലുണ്ടെന്ന് കണ്ടെത്തി മോചിപ്പിച്ചു. തുടർന്ന് ഷെൽറ്റർ ഹോമിൽ കഴിഞ്ഞ യുവതി, തങ്ങൾക്ക് ഒരുമിച്ച് താമസിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് പൊലീസ് ഇടപെടലിലാണ് ഇവർ വിജയവാഡയിലെത്തുന്നത്. ഇതിനിടെ, യുവതികളിലൊരാളുടെ പിതാവ് വിജയവാഡയിലെത്തുകയും, യുവതിയെ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. യുവതിയെ അന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്.