ലോറന്‍സ് ബിഷ്‌ണോയിയെ വധിക്കണം; പ്രതിഫലം ഒരു കോടി പതിനൊന്ന് ലക്ഷം രൂപ
ഡൽഹി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു കോടി രൂപയ്ക്കു മുകളിൽ പ്രതിഫലം വാഗ്ദാനം ചെയ്ത് ക്ഷത്രിയ കർണി സേന. ഗുജറാത്തിലെ ജയിലിലാണ് ഇപ്പോൾ ലോറൻസ് ബിഷ്ണോയ്. ക്ഷത്രിയ കർണിസേന ദേശീയ പ്രസിഡന്റ് രാജ് ഷെഖാവത് വിഡിയോ സന്ദേശത്തിലൂടെയാണ് ഈ പ്രതിഫലം പ്രഖ്യാപിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ഗുജറാത്ത്, കേന്ദ്ര സർക്കാരുകളുടെ നടപടികളെ കർണിസേനാ തലവൻ വിമർശിച്ചു. 1,11,11,111 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. കർണിസേനാ മുൻ തലവൻ സുഖ്ദേവ് സിങ് 2023 ഡിസംബർ അഞ്ചിനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘം ഏറ്റെടുത്തിരുന്നു. രാജ്യത്തൊട്ടാകെ വേരുകളുള്ള ഗുണ്ടാ ക്രിമിനൽ സംഘമാണ് ബിഷ്ണോയിയുടേതെന്ന് പൊലീസ് പറയുന്നു. മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ബിഷ്ണോയുടെ സംഘത്തിലുള്ളവരാണ് പിടിയിലായത്.
ബാന്ദ്രയിലെ സൽമാൻ ഖാന്റെ വസതിക്കു നേരെ ഏപ്രിൽ 14ന് വെടിയുതിർത്ത സംഭവത്തിലും ലോറൻസ് ബിഷ്ണോയിയുടെ സംഘമാണ് പിടിയിലായത്. ബിഷ്ണോയിയുടെ സഹോദരൻ ആയ അൻമോൾ ബിഷ്ണോയ് വെടിവയ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.