കോഴ വാങ്ങിയ കേസ്: ലാലു പ്രസാദ് യാദവിനും മക്കൾക്കും ജാമ്യം

കോഴ വാങ്ങിയ കേസ്: ലാലു പ്രസാദ് യാദവിനും മക്കൾക്കും ജാമ്യം

ഡൽഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ജോലിക്ക് പകരം ഭൂമി കോഴയായി വാങ്ങിയ കേസിലാണ് ജാമ്യം കിട്ടിയത്. ദില്ലി റൗസ് അവന്യൂ പ്രത്യേക കോടതിയാണ് ലാലു പ്രസാദ് യാദവിനും മക്കൾക്കും ജാമ്യം അനുവദിച്ചത്. ലാലു പ്രസാദ് യാദവിനൊപ്പം മക്കളായ തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനും ദില്ലി കോടതി ജാമ്യം നൽകുകയായിരുന്നു.

ഒരു ലക്ഷം രൂപയുടെ വീതം ജാമ്യ തുകയിലാണ് ജാമ്യം. അതേസമയം മൂന്നുപേരുടേയും പാസ്‌പോര്‍ട്ടുകള്‍ ഏല്‍പിക്കാനും കോടതി നിര്‍ദേശിച്ചു. അന്വേഷണ കാലയളവില്‍ ലാലു പ്രസാദിനെയും തേജസ്വി യാദവിനെയും തേജ് പ്രതാപ് യാദവിനെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

2004 മുതല്‍ 2009 വരെ കേന്ദ്രത്തിലെ റെയില്‍മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് വെസ്റ്റ് സെന്‍ട്രല്‍ സോണിലെ ഗ്രൂപ്പ്-ഡി തസ്തികയില്‍ അനധികൃത നിയമനം നടത്തിയതുമായി ബന്ധപ്പെട്ടുള്ള കേസാണ് ഇത്. എന്നാൽ ഈ കേസ് രാഷ്ട്രീയ ഗൂഡാലോചനയാണ് എന്നും അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും തേജസ്വി യാദവ് ആരോപിച്ചു.

ഇതിൽ അഴിമതിക്ക് യാതൊരു തെളിവുമില്ല. കേസില്‍ നിന്ന് കുറ്റവിമുക്തരാകുമെന്ന കാര്യം തങ്ങൾക്ക് ഉറപ്പാണെന്നുമായിരുന്നുവെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു. എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഓഗസ്റ്റ് ആറിന് തന്നെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )