ക്രിക്കറ്റില്‍ കോഹ്‌ലിക്കും രോഹിത്തിനും ഇനിയും ഒരുപാട് കാലം ബാക്കിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. കോഹ്‌ലിക്കും രോഹിത്തിനും ഇനിയും തുടരാം; ഹർഭജന്‍ സിങ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണുകളാണ് സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും. ട്വന്റി 20 ലോകകപ്പ് നേട്ടത്തോടെ വിരമിക്കല്‍ പ്രഖ്യാപിച്ച താരങ്ങളുടെ ഇന്ത്യന്‍ ടീമിലെ ഭാവിയും ഇപ്പോള്‍ ചര്‍ച്ചയാണ്. 37-ാം വയസ്സില്‍ രോഹിത്തും 35-ാം വയസ്സില്‍ കോഹ്‌ലിയും മികച്ച ഫോമും ഫിറ്റ്‌നസും കാത്തുസൂക്ഷിക്കുന്നുണ്ട്. ടീമിന്റെ വിജയത്തില്‍ ഇപ്പോഴും നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുന്ന കോഹ്‌ലിയും രോഹിത്തും ഇനിയും തുടരണമെന്നാണ് ആരാധകരുടെയും ആഗ്രഹം. ഇതിനെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ഹര്‍ഭജന്‍ സിങ്.
രോഹിത് ശര്‍മ്മയ്ക്ക് രണ്ട് വര്‍ഷം കൂടി അനായാസം ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ സാധിക്കും. വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് നോക്കിയാല്‍ അദ്ദേഹത്തിന് ഇനിയും അഞ്ച് വര്‍ഷം മത്സരിക്കാനാവും. ടീമില്‍ ഏറ്റവും നന്നായി ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്ന താരമാണ് കോഹ്‌ലി. ഒരു 19കാരനെതിരെ കളിച്ചാല്‍ പോലും കോഹ്‌ലിക്ക് അവനെ തോല്‍പ്പിക്കാന്‍ കഴിയും. അദ്ദേഹം അത്രയും ഫിറ്റാണ്’, പിടിഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഹര്‍ഭജന്‍ പറഞ്ഞു.
‘ക്രിക്കറ്റില്‍ കോഹ്‌ലിക്കും രോഹിത്തിനും ഇനിയും ഒരുപാട് കാലം ബാക്കിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ തീരുമാനം പൂര്‍ണമായും അവരുടേതാണ്. അവര്‍ക്ക് ഇനിയും ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാന്‍ കഴിയുമെങ്കില്‍, അവരുടെ പ്രകടനം ടീമിനെ വിജയത്തിലേക്ക് നയിക്കുന്നുണ്ടെങ്കില്‍ കോഹ്‌ലിയും രോഹിത്തും ഇനിയും തുടരണം’, ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി.
ടെസ്റ്റ് ഫോർമാറ്റില്‍ ഇരുതാരങ്ങളും ടീമില്‍ തുടരേണ്ടതിന്‍റെ ആവശ്യകതയും ഹർഭജന്‍ വ്യക്തമാക്കി. ‘റെഡ് ബോൾ ക്രിക്കറ്റിൽ നിങ്ങൾക്ക് അവരുടെ സാന്നിധ്യം ആവശ്യമാണ്. യുവതാരങ്ങളെ വളർത്തിയെടുക്കാൻ അവർക്ക് കഴിയും. എന്നാല്‍ ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്താനും ഫിറ്റ്നസ് നിലനിർത്താനും കഴിഞ്ഞില്ലെങ്കിൽ അവർ വിരമിക്കണം’, അദ്ദേഹം കൂട്ടിച്ചേർത്തു.