മനു ഭാക്കറും ഡി ഗുകേഷും ഉള്‍പ്പെടെ 4 താരങ്ങള്‍ക്ക് ഖേല്‍രത്‌ന; മലയാളി താരം സാജന്‍ പ്രകാശിന് അര്‍ജുന; കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മനു ഭാക്കറും ഡി ഗുകേഷും ഉള്‍പ്പെടെ 4 താരങ്ങള്‍ക്ക് ഖേല്‍രത്‌ന; മലയാളി താരം സാജന്‍ പ്രകാശിന് അര്‍ജുന; കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ദില്ലി: കഴിഞ്ഞ വര്‍ഷത്തെ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരത്തിന് നാലു താരങ്ങള്‍ അര്‍ഹരായി. ഒളിംപിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കര്‍, ലോക ചെസ് ചാമ്പ്യന്‍ ഡി ഗുകേഷ്, പുരുഷ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിംഗ്, പാരാലിംപിക് സ്വര്‍ണമെഡല്‍ ജേതാവ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണ് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചത്. നേരത്തെ മനു ഭാക്കര്‍ക്ക് മാത്രമായിരുന്നു പുരസ്‌കാര സമിതി ഖേല്‍രത്‌ന ശുപാര്‍ശചെയ്തിരുന്നതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് നാലു താരങ്ങള്‍ക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ മനു ഭാക്കറുടെ പേര് ഖേല്‍രത്‌ന പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നത് വിവാദായിരുന്നു. ഇതിനെതിരെ മനുവിന്റെ പരിശീലകന്‍ ജസ്പാല്‍ റാണയും പിതാവ് രാം കിഷനും രംഗത്തെത്തിയെങ്കിലും കൃത്യസമയത്ത് അപേക്ഷിക്കാഞ്ഞത് തന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് മനു ഭാക്കര്‍ വിശദീകരിച്ചിരുന്നു. പാരീസ് ഒളിപിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മനു വെങ്കലം നേടി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിതാ കായികതാരമാണ് മനു. ഹര്‍മന്‍പ്രീതിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു. 18കാരനായ ഗുകേഷ് ആകട്ടെ ചെസിലെ പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി റെക്കോര്‍ഡിട്ടപ്പോള്‍ പാരാലിംപിക്കില്‍ ഹൈജംപില്‍ ടി64 വിഭാഗത്തില്‍ സ്വര്‍ണം നേടിയാണ് പ്രവീണ്‍ കുമാര്‍ ഖേല്‍രത്‌നക്ക് അര്‍ഹനായത്. മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹനായി. 17 പാരാലിംപിക് താരങ്ങള്‍ ഉള്‍പ്പെടെ 32 പേരാണ് അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായത്. മലയാളി ബാഡ്മിന്റണ്‍ പരിശീലകന്‍ എസ് മുരളീധരന്‍ പരിശീലകരംഗത്തെ മികവിനുള്ള ദ്രോണാചാര്യ പുരസ്‌കാരത്തിവ് അര്‍ഹനായി. ഈ മാസം 17ന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

അര്‍ജുന അവാര്‍ഡ് ജേതാക്കള്‍

ജ്യോതി യര്‍രാജി (അത്ലറ്റിക്സ്),അന്നു റാണി (അത്ലറ്റിക്സ്), നിതു (ബോക്‌സിംഗ്), സാവീതി (ബോക്‌സിംഗ്), വന്തിക അഗര്‍വാള്‍ (ചെസ്), സലിമ ടെറ്റെ (ഹോക്കി), ശ്രീ അഭിഷേക് (ഹോക്കി), സഞ്ജയ് (ഹോക്കി),ശ്രീ ജര്‍മന്‍പ്രീത് സിംഗ് (ഹോക്കി), ശ്രീ സുഖ്ജീത് സിംഗ്,(ഹോക്കി), ശ്രീ രാകേഷ് കുമാര്‍ (പാരാ അമ്പെയ്ത്ത്), പ്രീതി പാല്‍ (പാരാ അത്ലറ്റിക്സ്), ജീവന്‍ജി ദീപ്തി(പാരാ അത്ലറ്റിക്സ്), ശ്രീ അജീത് സിംഗ് (പാരാ അത്ലറ്റിക്സ്) ശ്രീ സച്ചിന്‍ സര്‍ജെറാവു ഖിലാരി (പാരാ അത്ലറ്റിക്സ്), ശ്രീ ധരംബീര്‍ (പാരാ അത്ലറ്റിക്സ്), ശ്രീ പ്രണാവ്, ശ്രീ പ്രണാവ് അത്ലറ്റിക്‌സ്), ശ്രീ എച്ച് ഹൊകാറ്റോ സെമ (പാരാ അത്ലറ്റിക്സ്),സിമ്രാന്‍ (പാരാ അത്ലറ്റിക്സ്), ശ്രീ നവദീപ് (പാരാ അത്ലറ്റിക്സ്), ശ്രീ നിതേഷ് കുമാര്‍ (പാരാ-ബാഡ്മിന്റണ്‍), തുളസിമതി മുരുകേശന്‍ (പാരാ-ബാഡ്മിന്റണ്‍), നിത്യ ശ്രീ സുമതി ശിവന്‍ (പാരാ ബാഡ്മിന്റണ്‍), മനീഷ രാമദാസ് (പാരാ ബാഡ്മിന്റണ്‍), ശ്രീ കപില്‍ പാര്‍മര്‍ (പാരാ ജൂഡോ), . മോന അഗര്‍വാള്‍ (പാരാ ഷൂട്ടിംഗ്), റുബീന ഫ്രാന്‍സിസ് (പാരാ ഷൂട്ടിംഗ്), ശ്രീ സ്വപ്നില്‍ സുരേഷ് കുസാലെ (ഷൂട്ടിംഗ്), ശ്രീ സരബ്‌ജോത് സിംഗ് (ഷൂട്ടിംഗ്), ശ്രീ അഭയ് സിംഗ് (സ്‌ക്വാഷ്), ശ്രീ സാജന്‍ പ്രകാശ് (നീന്തല്‍), ശ്രീ അമന്‍ (ഗുസ്തി)

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )