അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി പിടിയില്‍; പ്രതി ഒളിവിൽ കഴിഞ്ഞത് 13 വർഷം
അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍ കണ്ണൂർ മട്ടന്നൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് കേസിലെ ഒന്നാം പ്രതിയും എറണാകുളം അശമന്നൂർ സ്വദേശിയുമായ സവാദ് എൻഐഎ പിടിയിലായത് .മതനിന്ദ ആരോപിച്ച് പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടി മാറ്റിയത് സവാദായിരുന്നു. കൈപ്പത്തി വെട്ടിമാറ്റാൻ ഉപയോഗിച്ച ആയുധവുമായി കടന്നുകളഞ്ഞ സവാദ് കഴിഞ്ഞ 13 വർഷമായി ഒളിവിലായിരുന്നു.പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു സവാദ് . കണ്ണൂർ മട്ടന്നൂരിൽ ഷാജഹാൻ എന്നപേരിൽ ഒളിവിൽ താമസിച്ച് മരപ്പണി ചെയ്ത് വരുന്നതിനിടയിലാണ് കൈവെട്ട് കേസിലെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമായ സവാദ് പിടിയിലായത്. എൻഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ അര്‍ധരാത്രി വീട് വളഞ്ഞ് സവാദിനെ പിടികൂടിയത് . ഇന്ന് രാവിലെ കൊച്ചി എൻഐഎ ആസ്ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
വൈകിട്ടോടെ സവാദിനെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി. ജെ ജോസഫിനുനേരെ ആക്രമണം ഉണ്ടായത് ആക്രമണത്തിൽ അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടി മാറ്റി സംഭവത്തിന് പിന്നാലെ കൈവെട്ടാൻ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവിൽപോകുകയിരുന്നു. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് പിറകിൽ ഉന്നതരുണ്ടെന്നായിരുന്നു പ്രൊഫ. ടിജെ ജോസഫിന്റെ പ്രതികരണം. തുടർന്ന് 2011 ലാണ് ഈ കേസ് എൻഐഎ ഏറ്റെടുക്കുന്നത് . എന്നാൽ, ഒന്നാം പ്രതിയെ കണ്ടെത്താൻ കഴിയാത്തത്ത് ദേശീയ അന്വേഷണ ഏജൻസിയ്ക്ക് തിരിച്ചടിയായിരുന്നു. വിവധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇത് 10 ലക്ഷമാക്കി ഉയർത്തി തെരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.അതേസമയം കൈവെട്ട് കേസിൽ 31 പ്രതികളെ ഉൾപ്പെടുത്തി 2015ലാണ് എൻഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. തുടര്‍ന്ന് 2015 മെയ് എട്ടിന് ഇതിൽ 18 പേരെ കോടതി വെറുതെവിടുകയും 13 പേരെ ശിക്ഷിക്കുകയും ചെയ്തിരുന്നു . കഴിഞ്ഞ ജൂലൈയിൽ രണ്ടാംഘട്ടവിചാരണ പൂർത്തിയാക്കി ആറു പേരെ ശിക്ഷിക്കുകയും അഞ്ചു പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. സവാദിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിനാണ് എൻഐഎയുടെ തീരുമാനം . 13 വർഷം ഒളിവിൽ കഴിയാൻ സഹായം ചെയതവർ ആരൊക്കെ എന്നതുൾപ്പെടെയുള്ള വിവരങ്ങളാണ് ഇനി എൻഐഎ അന്വേഷിക്കുന്നത്.എന്നാൽ നേരത്തെ സവാദ് രക്ഷപ്പെട്ടത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തിനുപിന്നാലെ കൃത്യമായ ആസൂത്രണം പ്രതികള്‍ നടത്തിയിരുന്നെങ്കിലും ചില പ്രതികള്‍ പിടിയിലായത് വഴിത്തിരിവാകുകയായിരുന്നു.കൂടാതെ കേസില്‍ മറ്റൊരു പ്രതിയായ നാസറിനൊപ്പമാണ് സവാദ് ഒളിവില്‍ പോയത്. എന്നാൽ നാസര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കീഴടങ്ങിയിരുന്നു . കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കും അവിടെനിന്നും നേപ്പാളിലേക്കും പിന്നീട് ഖത്തറിലേക്കും പോയെന്ന വിവരം ലഭിച്ചിരുന്നെങ്കിലും സവാദിനെ കണ്ടെത്താൻകഴിഞ്ഞിരുന്നില്ല . അതേസമയം പിന്നീട് കേരളത്തിൽ തിരിച്ചെത്തി ഒളിവില്‍ കഴിഞ്ഞിരിക്കാമെന്നാണ് സൂചന. സവാദ് എങ്ങനെയാണ് കണ്ണൂരില്‍ എത്തിയതെന്ന കാര്യത്തില്‍ ഉള്‍പ്പെടെ ഇനി വ്യക്തത വരേണ്ടതുണ്ട്. നേപ്പാളിലും പാകിസ്താനിലും ദുബായിലും ഉള്‍പ്പെടെ അന്വേഷണം നടത്തിയിരുന്നെങ്കിലും സവാദിനെ പിടികൂടാനായിരുന്നില്ല.