തല്‍ക്കാലം കടമെടുക്കാന്‍ കേന്ദ്ര നിബന്ധന പാലിക്കണം. ഒരു വര്‍ഷം അധികകടം എടുത്താല്‍ അടുത്ത വര്‍ഷത്തില്‍ നിന്ന് കുറയ്ക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി; കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി
ഡല്‍ഹി: കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കൂടുതല്‍ കടം എടുക്കാന്‍ കേരളത്തിന് നിലവില്‍ അനുവാദമില്ല. തല്‍ക്കാലം കടമെടുക്കാന്‍ കേന്ദ്ര നിബന്ധന പാലിക്കണം. ഒരു വര്‍ഷം അധികകടം എടുത്താല്‍ അടുത്ത വര്‍ഷത്തില്‍ നിന്ന് കുറയ്ക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 293ആം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അതിനാല്‍ ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്തുകയും 13,600 കോടി കേരളത്തിന് നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഹര്‍ജി തളളാതെ പരിഗണിക്കുന്നുവെന്നത് മാത്രമാണ് കേരളത്തിന് ആശ്വാസകരമായുളളത്. എന്നാല്‍ ഭരണഘടനാ ബെഞ്ചിന് വിട്ടതിനാല്‍ ഉടന്‍ വിധിയുണ്ടാകില്ലെന്ന് വ്യക്തമാണ്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടത്. പതിനായിരം കോടി കൂടി അധികമായി കടമെടുക്കാന്‍ അനുവദിക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം.ഹര്‍ജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കേന്ദ്രത്തിനോടും കേരളത്തിനോടും കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇതില്‍ ഫലമില്ലാതെ വന്നതോടെയാണ് കേസില്‍ കോടതി വീണ്ടും വാദം കേട്ടത്. ഏഴ് വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ എടുത്ത അധിക കടത്തിന്റെ കണക്കുമായി ബജറ്റ് അവതരണത്തിന്റെ തലേ ദിവസം കേന്ദ്ര സര്‍ക്കാര്‍ എത്തിയതിന് പിന്നില്‍ വേറെ ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് കേരളം വാദിച്ചത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് തെറ്റായ കണക്ക് സുപ്രീം കോടതിക്ക് കൈമാറിയ കേന്ദ്ര നടപടി ഞെട്ടിച്ചുവെന്നും കേരളം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു എന്നാല്‍. 2023 -24 സാമ്പത്തിക വര്‍ഷത്തില്‍ ഏടഉജ യുടെ 4.25 ശതമാനം ഇത് വരെ കടം കേരളം എടുത്തിട്ടുണ്ട് എന്നും ഇനി 25000 കോടി കൂടി കടമെടുക്കാന്‍ അനുവദിച്ചാല്‍ അത് 7 ശതമാനം കഴിയുമെന്നും കേന്ദ്ര വും ആരോപിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യദിനമാണ് ഹര്‍ജിയില്‍ ഉത്തരവ് വന്നത്.